കൊച്ചി: കഴിഞ്ഞ ദിവസമാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. 70ൽ 62 ഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേക്ക് എത്തിയത് ഇന്ത്യയിലെ ജനങ്ങളെയൊട്ടാകെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടിയതറിഞ്ഞ് വീണ്ടും ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത.
850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക് ഇപ്പോൾ കൂട്ടിയ തുക തിരിച്ച് അക്കൗണ്ടുകളിൽ വരുമെന്നും സബ്സിഡി ഇല്ലാത്തവർക്കാണ് അധിക തുകയെന്നും കമ്പനികൾ വ്യക്തമാക്കി.
എല്ലാമാസവും ഒന്നാം തീയതിയാണ് സാധാരണയായി വില വർദ്ധിപ്പിക്കുന്നത്. എന്നാൽ ഫെബ്രുവരി മാസം വില കൂട്ടിയിരുന്നില്ല. വില വർദ്ധന നിലവിൽ വന്നതായി എണ്ണകമ്പനികൾ അറിയിച്ചു. സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ് വില വർദ്ധനവിലൂടെ ഉണ്ടായിരിക്കുന്നത്.