ഡൽഹിയിൽ ആം ആദ്മി ഹാട്രിക് വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെങ്കില്‍ സംസ്ഥാനത്ത് കേജ്‍രിവാള്‍ മതിയെന്ന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വീണ്ടും വിധിയെഴുതിയിരിക്കുന്നു. ബി.ജെ.പിയുടെ ശക്തമായ ധ്രുവീകരണ ശ്രമങ്ങളെ തകർത്ത ആം ആദ്മി, 70ൽ 62 സീറ്റ് നേടിയാണ് മൂന്നാംവട്ടവും അധികാരം പിടിച്ചത്.

delhi-election

കേജ്രിവാളിന്റെ പ്രവർത്തനമികവുകൾ നേരത്തെതന്നെ ചർച്ചചെയ്യപ്പെട്ടതാണ്. രാഷ്ട്രീയ പ്രവർത്തകരടക്കം അഭിപ്രായവും പങ്കുവച്ചിരുന്നു. അതുപോലെ കേജ്രിവാളിനെ കുറിച്ചുള്ള നടൻ ശ്രീനിവാസന്റെ വിലയിരുത്തലുകൾ ഏറെ ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ. മികവുറ്റ അഭിനയത്തിനു പുറമെ രാഷ്ട്രീയ നിലപാടുകൾക്കൊണ്ടും നടൻ ശ്രീനിവാസൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരവിന്ദ് കേജ്രിവാളിന്റെ ഭരണ മികവിനെ കുറിച്ച് നേരത്തെത്തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

"അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോൾ ഉള്ളത്. വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്".-ശ്രീനിവാസൻ പറഞ്ഞു.