
വാഷിംഗ്ടൺ: ഖുദ്സ് ഫോഴ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാൻ നടത്തിയ മിസൈലാക്രണത്തിന്റെ പരിണിതഫലങ്ങൾ അനുഭവിച്ച് അമേരിക്കൻ സൈന്യം. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 109 അമേരിക്കൻ സൈനികരുടെ തലച്ചോറിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മിക്കവരും വിവിധ രാജ്യങ്ങളിൽ ചികിത്സയിലാണെന്നും സൂചനയുണ്ട്. ഇറാന്റെ ആക്രമണത്തിൽ ഒരു സൈനികർക്ക് പോലും പരിക്കേറ്റിട്ടില്ലെന്നായിരുന്നു അമേരിക്ക വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ആക്രമണത്തിന് ശേഷം സൈനികർ ബോധരഹിതരായി വീഴുന്നതും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതും പതിവായതോടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിനേറ്റ പരിക്ക് പെന്റഗൺ സ്ഥിരീകരിച്ചത്. പരിക്കേറ്റ സൈനികരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. നേരത്തെ 50 സൈനികർക്ക് പരിക്കേറ്റുവെന്നും ഇവർ ചികിത്സയിലാണെന്നും പെന്റഗൺ അറിയിച്ചിരുന്നു. ഇപ്പോൾ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 109 ആയി ഉയർന്നു. തലച്ചോറിനേറ്റ പരിക്ക് വേഗത്തിൽ നിർണയിക്കാൻ സാധിക്കാത്തതാണ് വെല്ലുവിളി.
അയിനുൽ-അസദ് സൈനിക താവളത്തിലായിരുന്നു അമേരിക്കൻ സൈനികർ തമ്പടിച്ചിരുന്നത്. ഇവരെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ വന്നു പതിച്ചത്. ഈ ആക്രമണത്തിന് അമേരിക്കൻ സൈന്യം തിരിച്ചടി നൽകിയിരുന്നില്ല. പിന്നീട് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക ചെയ്തത്. സൈനികർക്ക് തലച്ചോറിന് പരിക്കേറ്റുവെന്ന വിവരം സ്ഥിരീകരിച്ചതോടെ ഇറാനോടുള്ള സമീപനത്തിൽ അമേരിക്ക മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിരവധി സൈനികർക്ക് പരിക്കേറ്റെന്ന കണക്കുമായാണ് പെന്റഗൺ ഇപ്പോൾ രംഗത്തെത്തിയത്. അപകടത്തിന്റെ തോത് കണക്കാക്കി വരികയാണ്. ഇതോടെ ആക്രമണത്തിൽ തങ്ങൾക്കു കാര്യമായി നഷ്ടം സംഭവിച്ചിട്ടില്ലെന്ന ട്രംപിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞു. സൈനികർക്ക് തലവേദന മാത്രമാണെന്നും ഗുരുതരമായ പരിക്കേറ്റില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ 10വർഷത്തിനിടെ ഏകദേശം 4,08,000 സൈനികർ തലച്ചോറിന് ക്ഷതമേറ്റ് യു.എസിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പെന്റഗൺ റിപ്പോർട്ട് ചെയ്തിരുന്നു.