മോസ്കോ: മറ്റുള്ളവരെ കോമാളികളാക്കി അതിലൂടെ സന്തോഷം കണ്ടെത്തുന്ന നിരവധി ആളുകൾ ഈ ലോകത്ത് ഉണ്ട്. മറ്റുള്ളവരെ പറ്റിക്കാൻ പ്രതിസന്ധികളെപ്പോലും ഉപയോഗിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ഒരു ട്രെയിനിൽ ഉണ്ടായിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ട്രെയിനിൽ മരിക്കുന്നതായി അഭിനയിച്ചാണ് ഇയാൾ യാത്രക്കാരെയെല്ലാം പരിഭ്രാന്തരാക്കിയത്. ഇതിന് അഞ്ച് വർഷം തടവ് ശിക്ഷ ഇയാൾക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോയിൽ ട്രെയിനിൽ യാത്രക്കാർക്കൊപ്പം നിൽക്കുന്ന മാസ്ക് ധരിച്ച ഒരു യുവാവിനെ കാണാം. തുടർന്ന് അയാൾ പെട്ടെന്ന് വെപ്രാളപ്പെട്ട് തറയിൽ വീണ് പിടയുന്നു. പേടിച്ചരണ്ട കുറച്ച് ആളുകൾ ആ മനുഷ്യനെ സഹായിക്കാൻ ശ്രമിച്ചു മുന്നോട്ട് വരുന്നു. പക്ഷേ അതിനിടയിൽ കുറച്ച് ആളുകൾ “കൊറോണ വൈറസ്, കൊറോണ വൈറസ് ”എന്ന് പറയുന്നത് കേൾക്കാം. ശേഷം യാത്രക്കാരെല്ലാം പരിഭ്രാന്തരാകുന്നതും അടുത്ത സ്റ്റേഷനിലേക്ക് എത്തുമ്പോൾ ഓടി രക്ഷപ്പെടുന്നത് കാണാം.
ഓടി രക്ഷപ്പെടുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് ചില യാത്രക്കാർക്ക് പരിക്കേറ്റു. ഈ രംഗങ്ങൾ സുഹൃത്തുക്കളുടെ സഹായത്തോടെ ചിത്രീകരിച്ച ബ്ലോഗർ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളുടെ കഷ്ടകാലം ആരംഭിച്ചു. ബോധപൂർവം ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കിയ ഇയാൾക്ക് ശിക്ഷയും കിട്ടി.
അതേസമയം, ഈ വീഡിയോ ചിത്രീകരിച്ചത് കഠിനമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് തന്റെ കക്ഷി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബ്ലോഗറുടെ അഭിഭാഷകൻ പറഞ്ഞു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ആളുകൾ മാസ്‌കുകൾ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യം കൂടി തന്റെ കക്ഷിക്ക് ഉണ്ടായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.