തിരുവനന്തപുരം: മികച്ച ടെലിവിഷൻ അഭിമുഖത്തിനുള്ള സംസ്ഥാന മാധ്യമ അവാർഡിന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് അർഹനായി.കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ ട്രാൻസ്ജെൻഡർ ദമ്പതികളായ ഇഷാൻ -സൂര്യ ദമ്പതികളുമായി നടത്തിയ അഭിമുഖത്തിനാണ് 2018 ലെ സംസ്ഥാന പുരസ്കാരം. രാജേഷിനൊപ്പം ഏഷ്യാനെറ്റ് കോ ഓർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസും അഭിമുഖത്തിനുള്ള പുരസ്കാരത്തിനർഹനായി.ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രൻ,ഡോ.എസ്.ആർ.സൻജീവ്,നീനാ പ്രസാദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
കൗമുദി ടിവിയിൽ വന്ന അഭിമുഖം വലിയരീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.യൂ ട്യൂബിൽ തന്നെ 30 ലക്ഷത്തിലധികം പ്രേക്ഷകർ ഈ അഭിമുഖം കാണുകയുണ്ടായി.
2005 ൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച പുറത്തു കൊണ്ടുവന്നതിന് രാഷ്ട്രപതിയിൽ നിന്നടക്കം ഒട്ടേറെ പുരസ്കാരങ്ങൾ രാജേഷിന് ലഭിച്ചിട്ടുണ്ട്. ഹൃദയ ചികിത്സയ്ക് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനിടയാക്കിയ പരമ്പരയ്ക്ക് മികച്ച വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്കാരം ,കേരള നിയമ നിയമസഭയുടെ മാധ്യമ പുരസ്കാരം,വി.കെ.മാധവൻകുട്ടി അവാർഡ്,കൃഷ്ണസ്വാമി റെഡ്യാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേട്ട ഭഗത്സിംഗ് റോഡ് കാക്കോട് ലെയിനിൽ പരേതരായ വി.കെ.വാസുക്കുട്ടി പണിക്കരുടെയും പി.സതീദേവിയുടെയും മകനാണ് രാജേഷ്.വെള്ളനാട് ഗവ.സ്കൂൾ അദ്ധ്യാപികയായ എസ്.എസ്.ദീപയാണ് ഭാര്യ.പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്. ഡോ.വി.എസ്.മോഹൻസിംഗ് ( മസ്ക്കറ്റ്).വി.എസ്.ഗീതാറാണി( വി.എസ്.എസ്.സി) എന്നിവർ സഹോദരങ്ങളാണ്.