kaumudy-news-headlines

1. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഇനി പ്രത്യേക സംഘം. വനിത ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാകും ഇനിമുതല്‍ ഇത്തരത്തില്‍ ഉള്ള കേസുകള്‍ അന്വേഷിക്കുക. അതാത് റേഞ്ച് ഐ.ജിക്കാവും മുഴുവന്‍ ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനം ആയി ഉയര്‍ത്തും. നിയമ സഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ വനിതാ കമ്മിഷന്‍ മാറ്റിവയ്ക്കുന്നു എന്ന് ഷാനിമോള്‍ ഉസ്മാന്‍ ആരോപിച്ചു.


2. അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സി.ബി.ഐയക്ക് വിടാന്‍ മടിക്കുന്നത് എന്തിനെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷത്തിന്റെ ചോദ്യം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാനഭംഗ കേസുകളില്‍ 40 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് പൊലീസിന്റെ അനാസ്ഥയാണ് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതിനിടെ, ബിനാമി സ്വത്ത് ഇടപാടില്‍ ജേക്കബ് തോമസിന് എതിരെ വിജിലന്‍സ് അന്വേഷണം വേണം എന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് ശുപാര്‍ശ സമര്‍പ്പിച്ചത് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.
3. ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ച അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്ത് ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. ഹാട്രിക് വിജയം നേടിയ ആംആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് ആംആദ്മി, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. വിജയം പ്രതീക്ഷിച്ചത് ആയതിനാല്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ പ്രാഥമിക ആശയ വിനിമയം നടത്തിയിട്ടുണ്ട്.
4. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ധനം, പ്ലാനിംഗ്, അടക്കമുള്ള വകുപ്പുകള്‍ നല്‍കിയേക്കും. അതിഷി മര്‍ലേനക്ക് വിദ്യാഭ്യാസവും രാഘവ് ചന്ദക്ക് മറ്റേതെങ്കിലും സുപ്രധാന വകുപ്പും ലഭിക്കും. പൗരത്വ ഭേദഗതി നിയമം മുഖ്യ വിഷയമായി ഉയര്‍ന്നതും ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടതുമായ തിരഞ്ഞെടുപ്പ് ആണെന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായകം ആണ് ഡല്‍ഹിയിലെ വിജയം. കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിറുത്തിയത്.
5. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,112 ആയി. രോഗ ബാധയെ തടുര്‍ന്ന് ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ മരിച്ചത്. ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. അതിനിടെ, ലോകത്തെ ആശങ്കയില്‍ ആഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന കൊവിഡ് 19 എന്ന് പേര് നല്‍കി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കൊവിഡ് 19. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു
6. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ്. 27 പേരാണ് ആശുപത്രിയില്‍ ഉള്ളത്. ആശുപത്രിയില്‍ ഉള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 25 ഓളം രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. ഇന്നലെ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയാസ്പദമായവരുടെ 380 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതില്‍ 344 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു
7. അമേരിക്കന്‍ പ്രസിഡന്റ് ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇരിക്കെ, പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ സന്ദര്‍ശനത്തെ വളരെ താല്‍പര്യത്തോടെ ആണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്തും എറെ മാന്യനായ വ്യക്തിയും ആണെന്നും ട്രംപ് പറഞ്ഞു. മോദിയുമായി സംസാരിച്ചിരുന്നു. വിമാനത്താവളം മുതല്‍ 70 ലക്ഷത്തോളം ജനങ്ങള്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്നാണ് മോദി പറഞ്ഞത്. ഹൂസ്റ്റണില്‍ നടന്ന പരിപാടിയില്‍ 50,000ഓളം പേരാണ് പങ്കെടുത്തത്. അത് അത്ര വലുതായി ഇപ്പോള്‍ തോന്നുന്നില്ല. അഹമ്മദാബാദിലെ സ്വീകരണ വേദി ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ആണെന്നും ട്രംപ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയുമായി ശരിയായ ധാരണകളില്‍ എത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും ട്രംപ് പ്രതികരിച്ചു. അഹമ്മദാബാദിലെ പുതുതായി നിര്‍മിച്ച മൊട്ടേറ സ്റ്റേഡിയത്തില്‍ ട്രംപും മോദിയും സംയുക്തമായി വന്‍ ജനാവലിയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം
8. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ രാത്രി ആം ആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വ്യക്തി വൈരാഗ്യം ആണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ്. കൊല്ലപ്പെട്ട വ്യക്തി അശോക് മന്നുമായി ബന്ധപ്പെട്ട ഗുണ്ടാപ്പക ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടയാള്‍ നേരത്തെ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തി എന്ന് ആരോപണം ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു
9. അതേസമയം, എം.എല്‍.എക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് ആപ്പ് വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം ആദ്മി എം.എല്‍.എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ആണ് വെടിവയ്പ്പ് ഉണ്ടായതും സഹായി കൊല്ലപ്പെട്ടതും. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെയാണ് നാല് റൗണ്ട് വെടിവയ്പ്പ് ഉണ്ടായത്. സംഭവം ദൗര്‍ഭാഗ്യകരം ആണെന്നും കുടുംബാംഗത്തെ ആണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു.