aster

 ഓഹരി ബൈബാക്കിന് തീരുമാനം

കൊച്ചി: പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റർ ഡി.എം. ഹെൽത്ത് കെയർ നടപ്പു സാമ്പത്തിക വർഷത്തെ ഒക്‌‌ടോബർ - ഡിസംബർ പാദത്തിൽ 54 ശതമാനം കുതിപ്പോടെ 155 കോടി രൂപയുടെ ലാഭം നേടി. 2018ലെ ഡിസംബർ പാദത്തിൽ 100 കോടി രൂപയായിരുന്നു ലാഭം. വരുമാനം എട്ട് ശതമാനം വർദ്ധിച്ചു. 2,150 കോടി രൂപയിൽ നിന്ന് 2,322 കോടി രൂപയായാണ് വർദ്ധന.

നടപ്പുവർഷം ആദ്യ ഒമ്പതുമാസക്കാലത്ത് (ഏപ്രിൽ-ഡിസംബർ) വരുമാനം 6,437 കോടി രൂപയാണ്. 2018ലെ സമാനകാലത്ത് ഇത് 5,762 കോടി രൂപയായിരുന്നു. ഇക്കാലയളവിലെ ലാഭം 124 കോടി രൂപയിൽ നിന്നുയർന്ന് 200 കോടി രൂപയിലെത്തി. വർദ്ധന 61 ശതമാനം. ഓഹരി ഒന്നിന് 210 രൂപ നിരക്കിൽ ഓഹരിയുടമകളിൽ നിന്ന് 57.42 ലക്ഷം ഓഹരികൾ മടക്കിവാങ്ങാൻ (ബൈബാക്ക്) ഡയറക്‌ടർ ബോ‌ർഡ് തീരുമാനിച്ചുവെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഇന്ത്യയടക്കം എട്ടു രാജ്യങ്ങളിലായി 25 ആശുപത്രികളും 116 ക്ളിനിക്കുകളും 236 ഫാർമസികളും ആസ്‌റ്റർ ഡി.എം. ഹെൽത്ത് കെയറിനുണ്ട്.