തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് പാൽ നൽകാനായി സ്വകാര്യ ട്രസ്റ്റ് ആരംഭിച്ച ഗോശാല പരിപാലിക്കാതെ കൈയൊഴിഞ്ഞ 35 പശുക്കളെ നഗരസഭ ആര്യനാട്ടുള്ള സ്വകാര്യ ഫാമിലേക്ക് മാറ്റി. വിളപ്പിൽശാലയിലെ നഗരസഭാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് ആര്യനാട്ടേക്ക് മാറ്റിയത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നഗരസഭയുടെ നടപടി. കുതിരമാളികയ്ക്കു സമീപത്തുള്ള കൊട്ടാരം ട്രസ്റ്റിന്റെ സ്ഥലത്താണ് ഗോശാല പ്രവർത്തിക്കുന്നത്. വെച്ചൂർ പശു, കാസർകോട്‌ കുള്ളൻ, ഗുജറാത്തിലെ ഗീർപശു, ഹോൾസ്റ്റേൻ എന്നീ ഇനങ്ങളിലെ പശുക്കളാണ് ഗോശാലയിലുണ്ടായിരുന്നത്. വളർത്താനുള്ള സ്ഥലക്കുറവുകാരണം 30 പശുക്കളെ കോട്ടൂരിലെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്കു മാറ്റിയിരുന്നു. സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയിലെ പശുക്കളുടെ ദയനീയസ്ഥിതി മുമ്പ് വാർത്തയായിരുന്നു. പശുക്കളെ നായ്ക്കൾ ആക്രമിക്കുന്ന സ്ഥിതി എത്തിയപ്പോഴാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് പശുക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ നഗരസഭയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിളപ്പിൽശാലയിൽ നഗരസഭയുടെ പഴയ ചവർ ഫാക്ടറി പ്രവർത്തിച്ച ഭൂമിയിലേക്ക് പശുക്കളെ മാറ്റാനായിരുന്നു നഗരസഭാ പദ്ധതി. എന്നാൽ, വാഹനങ്ങളിൽ 33 പശുക്കളെ ഇവിടെ എത്തിച്ചതോടെ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. പശുക്കളെ സംരക്ഷിക്കാനുള്ള സംവിധാനമില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഇതോടെ നഗരസഭാ ആരോഗ്യവിഭാഗം അദ്ധ്യക്ഷൻ ബിനു ഐ.പിയും ഉദ്യോഗസ്ഥരും അങ്കലാപ്പിലായി. പിന്നീട് പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ആര്യനാട് പള്ളിവേട്ടയിലുള്ള അഷ്റഫ് പശുക്കളെ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ നെട്ടോട്ടം അവസാനിക്കുകയായിരുന്നു. സ്വകാര്യ ഫാമിൽ മൃഗ ഡോക്ടറും നഗരസഭാ ജീവനക്കാരും പശുക്കളെ നിരീക്ഷിക്കും. സംരക്ഷണം താത്കാലികമായിരിക്കും. പിന്നീട് കൂടുതൽ സൗകര്യങ്ങളുള്ള ഫാമിലേക്ക് മാറ്റാനാണ് നഗരസഭയുടെ തീരുമാനം.