kerala-police

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്. 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം എസ്.എ.പിയിൽ നിന്നാണ് 25 റൈഫിളുകൾ കാണാതായത്.

തൃശൂർ പൊലീസ് അക്കാഡമിയിൽ 200 വെടിയുണ്ടകൾ കുറവാണ്. തൃശൂരിൽ വെടിയുണ്ട സൂക്ഷിച്ചിരുന്ന പെട്ടിയിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സർക്കാർ വിശദീകരണവും റിപ്പോർട്ടിലുണ്ട്. വെടിക്കോപ്പുകൾ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സി.എ.ജി പറയുന്നു.

സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്. പൊലീസ് ക്വാർട്ടേഴ്‌സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യു വകുപ്പിനും വിമർശനമുണ്ട്. പൊലീസ് ക്വാർട്ടേഴ്‌സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ 2.81കോടി രൂപയാണ് വകമാറ്റിയത്. എസ്‌.പിമാർക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ നിർമ്മിക്കാനാണ് പണം വകമാറ്റിയത്.