തിരുവനന്തപുരം: പിടിച്ചുപറിക്കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്‌തതോടെ തുമ്പായത് മൂന്നു പോക്സോ കേസുകൾക്ക്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ മാലപൊട്ടിച്ചെന്ന പരാതിയിലാണ് കാലടി മരുതൂർ സ്വദേശിയായ അരുണിനെ (21) പൂജപ്പുര പൊലീസ് പിടികൂടിയത്. പൂജപ്പുര സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇവരെ പ്രണയം നടിച്ച് വഞ്ചിച്ച ശേഷം മാല പൊട്ടിച്ചെന്നാണ് പരാതി. അഞ്ചു ദിവസം മുമ്പ് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തിരുന്നു. ഇതിനുശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പിഡിപ്പിച്ചെന്ന് ഇയാൾ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച ശേഷം നഗ്നചിത്രങ്ങൾ കെെവശപ്പെടുത്തി ഇവരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരാതിയുമായി ആരും ഇതുവരെ എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പോക്സോ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.