salem

പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് സേലം. തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയുള്ള സേലം മാംഗോ സിറ്റി എന്ന പേരിലും അറിയപ്പെടുന്നു. സേലം പ്രധാന വിനോദ-തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നുകൂടിയാണ്. കോട്ടൈ മാരിയമ്മന്‍ ക്ഷേത്രം, താരമംഗലം ക്ഷേത്രം, സേലം സുഗവനേശ്വര്‍ ക്ഷേത്രം, അരുള്‍മിഗി അളഗിരിനാഥര്‍ ക്ഷേത്രം, എള്ളൈ പെടാരി അമ്മന്‍ ക്ഷേത്രം, ജമാ മസ്ജിദ് എന്നിവയടക്കമുള്ള മത തീര്‍ഥാടനകേന്ദ്രങ്ങളാല്‍ സമ്പന്നമാണ് സേലം. യേര്‍ക്കോട് മലകള്‍, കിളിയൂര്‍ വെള്ളച്ചാട്ടം, താരമംഗലം മേട്ടൂര്‍ അണക്കെട്ട് എന്നിവ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

എന്നാൽ,​ ബാംഗ്ലൂരിൽ നിന്നും സേലത്തേയ്ക്ക് എത്തുന്നത് ഗതാഗത കുരുക്കുകൾ താണ്ടിയാണ്. ഇവിടെയാണ് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപ്പറേഷന്‍റെ 3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വ്യത്യസ്തമാകുന്നത്. തമിഴ്നാട്ടിലെ സേലത്തു നിന്നും ബാംഗ്ലൂരിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരണമെങ്കിൽ ഒരൊറ്റ വഴിയേയുള്ളൂ, അത് 3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് ആണ്. മൂന്നു മണിക്കൂർ 33 മിനിട്ട് കൊണ്ട് യാത്ര തീർക്കുന്ന ഈ ബസ് ബാംഗ്ലൂരിൽ നിന്നു സേലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകൾ വളരെ സുഗമമാക്കുന്ന ഒന്നാണ്.

സാധാരണ ഗതിയിൽ മോശം റോഡും അതിലേറെ വലിയ ഗതാഗതക്കുരുക്കും ഒക്കെ പിന്നിട്ട് അഞ്ചു മണിക്കൂർ എങ്കിലുമെടുത്തിരുന്ന സ്ഥാനത്താണ് കൃത്യമായ യാത്രാ മാർഗത്തിലൂടെ ഇത്രയും കുറഞ്ഞ സമയം കൊണ്ട് 3.33 ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്. സേലത്തു നിന്നും യാത്ര തുടങ്ങി 2 മണിക്കൂർ 45 മിനിട്ടിൽ ഹൊസൂരിൽ എത്തുന്ന ബസ് ധർമ്മാപുരിയ്ക്ക് ഇടയിലായി വേറെയൊരിടത്തും നിറുത്തുന്നില്ല. ബാംഗ്ലൂരിൽ എത്തിയാൽ പിന്നെ യാത്രികരുടെ സൗകര്യത്തിനനുസരിച്ച് നിരലധി സ്റ്റോപ്പുകൾ ഈ ബസിനുണ്ട്.