വാഷിംഗ്ടൺ: ചൈനയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ഡസൺ കണക്കിന് ചത്ത പക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ബീജിംഗിൽ നിന്ന് വന്ന വിമാനത്തിലെ യാത്രക്കാരനാണ് ഇയാൾ. ബാഗിൽ ഒരു പൊതിയിൽ സൂക്ഷിച്ചിരുന്ന അവശിഷ്ടങ്ങളാണ് യു.എസിലെ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.
നായ്ക്കളുടെയും പൂച്ചകളുടെയും ചിത്രങ്ങൾ അച്ചടിച്ച കവറിലാണ് ചത്ത പക്ഷികളെ കണ്ടത്തിയത്. യു. എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) കവർ കണ്ടുകെട്ടി കത്തിച്ചുകളഞ്ഞു. അടുത്തിടെ പക്ഷിപ്പനി ഭീഷണി നേരിട്ടതിനെ തുടർന്ന് പക്ഷികളെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കാറില്ല.
'കവറിൽ ഇത് വളർത്തുമൃഗങ്ങളുടെ ഭക്ഷണമായി വിൽക്കുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവ ചൈനീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കില്ല'- വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, പൂച്ചയ്ക്ക് നൽകാനാണ് ചത്ത പക്ഷികളെ കൊണ്ടുവന്നതെന്ന് യാത്രക്കാരൻ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.