shot-dead

ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പീഡനക്കേസ് പ്രതി വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവ് ജോലി സ്ഥലത്തു നിന്ന് തിലക് നഗറിലുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. പ്രദേശവാസികൾ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതി അച്ഛ്മാൻ ഉപാദ്ധ്യായയെ പിടികൂടുന്നതിൽ അശ്രദ്ധ കാട്ടിയെന്നാരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി ശക്തമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് സച്ഛിന്ദ് പട്ടേൽ അറിയിച്ചു.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 16കാരിയായ പെൺകുട്ടിയെ അച്ഛ്മാൻ പീ‌‌ഡനത്തിനിരയാക്കിയത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തില്ല. കേസ് പിൻവലിച്ചില്ലെങ്കിൽ പെൺകുട്ടിയെയും കുടുംബത്തിനെയും ഉന്മൂലനം ചെയ്യുമെന്ന് അച്ഛ്മാൻ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരം പൊലീസിൽ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. പ്രതിയുടെ സ്വത്തുക്കൾ കേസുമായി ബന്ധപ്പെട്ട് കോടതി കണ്ടുകെട്ടിയിരുന്നു.

ഉന്നാവോ പെൺകുട്ടിയുടെ പിതാവിന്റെ മരണമുൾപ്പെടെ യു.പിയിൽ കഴിഞ്ഞ കുറേ നാളുകളായി സമാന സംഭവങ്ങൾ വർദ്ധിച്ച് വരികയാണ്. പീഡനത്തിനിരയായ രണ്ട് പെൺകുട്ടികളെ കഴിഞ്ഞ വർഷം തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. രണ്ട് കേസുകളിലും പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന പ്രവണതയാണ് ഉണ്ടായത്. ഇത് കൂടാതെ, തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് പീഡനത്തിനിരയായ ചില പെൺകുട്ടികൾ ആത്മഹത്യയും ചെയ്തിരുന്നു.