ജനീവ: കൊറോണ വൈറസ് പരത്തുന്ന രോഗത്തിന്റെ ഔദ്യോഗിക പേര് ഇനിമുതൽ കോവിഡ് -19 എന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ അദ്ധ്യക്ഷൻ ടെട്രോസ് അധനം ഗെബ്രെയേസസ് ജനീവയിൽ മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് കോവിഡ്. 18 മാസത്തിനുള്ളിൽ വൈറസിനുള്ള വാക്‌സിൻ തയ്യാറാകുമെന്നും നിലവിലുള്ള എല്ലാ സജ്ജീകരണങ്ങളും വച്ച് വൈറസിനെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.ചൈന എൻ.സി.പി എന്ന താത്കാലിക നാമം കൊറോണയ്ക്ക് നൽകിയിരുന്നു. നോവൽ കൊറോണ വൈറസ് ന്യൂമോണിയ എന്നതിന്റെ ചുരുക്ക രൂപമാണിത്. അതേസമയം, ചൈനയിൽ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 1,113 ആയി. 44,000പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കപ്പിലിലെ ഇന്ത്യക്കാർക്കും കൊറോണ
വൈറസ് ബാധ സംശയിച്ച് ജപ്പാനിലെ യോക്കാഹാമ തുറമുഖത്ത് തടഞ്ഞുവച്ച ഡയമൻഡ് പ്രിൻസസ് കപ്പലിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ മിഷനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കപ്പലിലെ കൊറോണ രോഗബാധിതരുടെ എണ്ണം 175 ആയി ഉയർന്നിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരുമടക്കം 3700 പേരുള്ള കപ്പലിൽ 138 പേർ ഇന്ത്യക്കാരാണ്.
കൊറോണയെന്ന് ഭീതി:
മദ്ധ്യവയസ്കൻ ജീവനൊടുക്കി
ഹൈദരാബാദ്: കൊറോണവൈറസ് ബാധിച്ചെന്ന ഭീതിയിൽ ആന്ധ്രപ്രദേശിൽ മദ്ധ്യവയ്കൻ ആത്മഹത്യ ചെയ്തു. ചിറ്റൂർ സ്വദേശിയായ ബാലകൃഷ്ണനെയാണ് (50) ചൊവ്വാഴ്ച രാവിലെ അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മൂത്രനാളിയിലെ അണുബാധയ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 'ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അച്ഛൻ അപരിചിതനെ പോലെയാണ് പെരുമാറിയിരുന്നത്. കൊറോണ ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും അദ്ദേഹം എല്ലാവരോടും പറയുന്നുണ്ടായിരുന്നു' - മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ വായിച്ചും മൊബൈലിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടും ബാലകൃഷ്ണൻ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.