hafiz-saeed

പാകിസ്ഥാൻ ഭീകര വിരുദ്ധ കോടതിയുടെ വിധി

ലാഹോർ : മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്തുദ്ദവയുടെ തലവനുമായ ഹാഫീസ് സയീദിന് ഭീകരഗ്രൂപ്പുകൾക്ക് ധനസഹായം

നൽകിയ കേസുകളിൽ പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി അഞ്ചര വർഷം തടവു ശിക്ഷ വിധിച്ചു. സയീദിനെ ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കുന്നത്.

ഭീകരബന്ധത്തിന്റെ പേരിൽ ഇപ്പോൾ ഗ്രേ ലിസ്റ്റിലുള്ള പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തണോ എന്നതുൾപ്പെടെ തീരുമാനിക്കാൻ ആഗോള ഭീകരവിരുദ്ധ കൂട്ടായ്‌മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സിന്റെ പ്ലീനറി സമ്മേളനം രണ്ട് ദിവസത്തിനകം പാരീസിൽ ചേരാനിരിക്കെയാണ് ഹാഫീസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഭീകരർക്കുള്ള ധനസഹായം അവസാനിപ്പിക്കാൻ ഈ മാസം വരെയാണ് ടാസ്‌ക് ഫോഴ്സ് പാകിസ്ഥാന് സമയം അനുവദിച്ചിരിക്കുന്നത്.

പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻ വാലയിൽ രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളിലാണ് ഹാഫീസിനെ കോടതി ശിക്ഷിച്ചത്. ഓരോ കേസിലും 15,000 രൂപ പിഴയും ഉണ്ട്. സയീദിന്റെ കൂട്ടാളികളായ അബ്ദുൾ ഗഫാർ, ഹാഫീസ് മസൂദ്, അമീർ ഹംസ, മാലിക് സഫർ

ഇക്ബാൽ എന്നിവർക്കും ഇതേ ശിക്ഷ വിധിച്ചിട്ടുണ്ട്. സമാനമായ നാല് കേസുകളിൽ കൂടി വിചാരണ പൂർത്തിയായിട്ടുണ്ട്. ആറ് കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്ന സയീദിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വർഷം ജൂലായിൽ അറസ്റ്റിലായ ഹാഫീസ് സയീദിനെ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ പാർപ്പിച്ചിരിക്കയാണ്.

ജീവകാരുണ്യ സംഘടനകളുടെയും ട്രസ്റ്റുകളുടെയും മറവിലാണ് സയീദ് ഭീകരർക്ക് ധനസഹായം നൽകിയത്. സയീദുമായി ബന്ധമുള്ള അൽ അൻഫാൽ ട്രസ്റ്റ്, ദവാത്തുൽ ഇർഷാദ് ട്രസ്റ്റ്, മുവാസ് ബിൻ ജബാൽ ട്രസ്റ്റ് തുടങ്ങിയ സന്നദ്ധ സംഘടനകളെ പാകിസ്ഥാൻ നിരോധിച്ചിരുന്നു.

ഹാഫീസ് സയീദിനെ 2012ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ പിടികൂടാൻ ഒരു കോടി ഡോളർ പ്രതിഫലവും അമേരിക്ക വാഗ്ദാനം ചെയ്‌തിരുന്നു.