ഇസ്ലമാബാദ്: ഭീകരപ്രവർത്തനങ്ങൾ സാമ്പത്തിക സഹായം നൽകിയ സംഭവത്തിൽ മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും ജമാഅത്തുദ്ദവ തലവനുമായ ഹാഫിസ് സയീദ് കുറ്റക്കാരനാണെന്ന് പാക് കോടതി. രണ്ട് കേസുകളിലായി അഞ്ചര വർഷത്തെ തടവും 15000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. എൻ.ജി.ഒയുടെ മറവിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചെന്ന് കോടതിയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
ലഷ്‌കറെ തയിബ നിരോധിച്ചതോടെ ജമാഅത്തുദ്ദവ (ജെ.യു.ഡി) സ്ഥാപിച്ച് അതിന്റെ തലവനായ ഹാഫിസ് സയീദ്, ഭീകരപ്രവർത്തനത്തിനു ധനസഹായം നൽകുകയായിരുന്നു. സയീദിനെ പിടികൂടാൻ ആവശ്യമായ വിവരം നൽകുന്നവർക്ക് അമേരിക്ക ഒരു കോടി ഡോളർ (70 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഭീകരതയ്ക്കുള്ള ഫണ്ടിംഗ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിനകം ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പാകിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പു നൽകിയിരുന്നു. 2008ലാണ് മുംബയിലെ താജ് ഹോട്ടലിൽ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ബോംബ് ആക്രമണവും വെടിവയ്പ്പും നടന്നത്. ഇതിനെ തുടർന്ന് ഹാഫിസ് സയ്ദിന്റെ തലയ്ക്ക് 10 മില്ല്യൺ ഡോളർ അമേരിക്ക വാഗ്‌ദാനം ചെയ്തിരുന്നു.