gas-

കൊച്ചി: അടുക്കള ബഡ്‌ജറ്ര് പാടെ താളം തെറ്റിച്ച് എണ്ണ വിതരണ കമ്പനികൾ പാചകവാതക വില കുത്തനെ കൂട്ടി. ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 146.50 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ഇതോടെ, 14.2 കി.ഗ്രാം എൽ.പി.ജി സിലിണ്ടറിന് തിരുവനന്തപുരത്ത് വില 858.50 രൂപയായി. കൊച്ചിയിൽ 850.50 രൂപയും കോഴിക്കോട്ട് 862.50 രൂപയുമായി.

കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനയാണിത്.

ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിലവർദ്ധനവ് താത്കാലികമായി തടഞ്ഞു വച്ചിരിക്കുകയായിരുന്നു.

ഗാ‌ർഹിക ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 ഗ്യാസ് സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്.

തുടർന്നുള്ള ഓരോ സിലിണ്ടറിനും വർദ്ധിച്ച വില നൽകണം. സബ്‌സിഡി സിലിണ്ടറിനും പുതിയ വില നൽകണമെങ്കിലും പിന്നീട് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. സബ്‌സിഡി 153.86 രൂപയിൽ നിന്ന് 291.48 രൂപയായി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരുന്നു.

 വലിയ തിരിച്ചടി

ഭൂരിഭാഗം ജനങ്ങൾക്കും പാചകവാതക വിലവർദ്ധന വലിയ തിരിച്ചടിയാകും. രാജ്യത്തെ ജനസംഖ്യയുടെ 94.3 ശതമാനം ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുവെന്നാണ് 2019-20ലെ കണക്ക്. മോദി സർക്കാർ അധികാരത്തിലെത്തും മുമ്പ് ഇത് 56 ശതമാനമായിരുന്നു.

 37,256.21 കോടി രൂപ

2020-21 കേന്ദ്രബഡ്ജറ്റിൽ ഗ്യാസ് സബ്‌സിഡിക്കായി വകയിരുത്തിയത്

34,085.86 കോടി രൂപ

2019-20 കേന്ദ്രബഡ്ജറ്റിൽ ഗ്യാസ് സബ്‌സിഡിക്കായി വകയിരുത്തിയത്

വില വർദ്ധനയുടെ കാരണങ്ങൾ

 അന്താരാഷ്‌ട്രതലത്തിലെ എൽ.പി.ജി വിലയിലുണ്ടായ വർദ്ധന

 ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് വർദ്ധിച്ചത്