രഹസ്യ ഓപ്പറേഷൻ സ്വിസ് എൻക്രിപ്ഷൻ കമ്പനി വഴി
വാഷിംഗ്ടൺ:അമേരിക്കൻ ചാര ഏജൻസിയായ സി.ഐ.എ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ സൈനിക, നയതന്ത്ര, ഇന്റലിജൻസ് രഹസ്യങ്ങൾ പതിറ്റാണ്ടുകളോളം ചോർത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്‌തു.
കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ വിദ്ഗ്ദ്ധരായ ക്രിപ്റ്റോ എ. ജി എന്ന സ്വിറ്റ്‌സർലൻഡിലെ കമ്പനി വഴിയാണ് സി.ഐ.എ രഹസ്യസന്ദേശങ്ങൾ ചോർത്തിയത്. നാല്പതുകളിൽ സ്ഥാപിതമായ ഈ കമ്പനിയാണ് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് രഹസ്യ സന്ദേശങ്ങൾ കോഡ് ഭാഷയിലാക്കുന്ന ക്രിപ്റ്റോഗ്രാഫി ഉപകരണങ്ങൾ നിർമ്മിച്ചു നൽകിയിരുന്നത്. രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിൽ ഈ കമ്പനിയിൽ ലോക ഗവൺമെന്റുകൾ വിശ്വാസം അർപ്പിച്ചിരുന്നു. ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പം വത്തിക്കാനും ഈ കമ്പനിയുടെ ക്രിപ്റ്റോഗ്രാഫി ഉപകരണങ്ങൾ വാങ്ങിയിരുന്നു. എന്നാൽ 1951ൽ ഈ കമ്പനിയുമായി രഹസ്യ ധാരണയുണ്ടാക്കിയ സി.ഐ.എ 1970കളിൽ പശ്ചിമ ജർമ്മൻ ഇന്റലിജൻസുമായി ചേർന്ന് കമ്പനിയുടെ ഉടമസ്ഥാവകാശവും രഹസ്യമായി സ്വന്തമാക്കി. അന്നുമുതൽ ലോക രാജ്യങ്ങൾക്ക് ഉപകരണങ്ങൾ വിൽക്കുന്നതിന്റെ പണം വാങ്ങുന്നതിനൊപ്പം സി.ഐ.എ അവരുടെ രഹസ്യങ്ങൾ മോഷ്‌ടിക്കുകയും ചെയ്‌തെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മറ്റ് രാജ്യങ്ങളുടെ ചാരന്മാരുടെയും സൈനികരുടെയും നയതന്ത്ര പ്രതിനിധികളുടെയും കോഡ് ഭാഷയിലുള്ള സന്ദേശങ്ങളാണ് സി.ഐ.എ ചോർത്തിയത്. എതിരാളികളുടെ മാത്രമല്ല, സഖ്യകക്ഷികളുടെ രഹസ്യങ്ങൾ പോലും അമേരിക്ക ഇങ്ങനെ അര നൂറ്റാണ്ടിലേറെ കാലം ചോർത്തിയെന്നും റിപ്പോർട്ടിലുണ്ട്. സി.ഐ.എയും പശ്ചിമ ജർമ്മൻ ഇന്റലിജൻസും കമ്പനിയുടെ ഉപകരണങ്ങളിൽ തിരിമറി നടത്തി മറ്റ് രാജ്യങ്ങൾ അയയ്‌ക്കുന്ന കോഡുകൾ മനസിലാക്കിയാണ് സന്ദേശങ്ങൾ ചോർത്തിയത്.
ഇന്ത്യ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.