തിരുവനന്തപുരം: തങ്ങൾ ജോലി ചെയ്യുന്ന ടെക്നോപാർക്ക് കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കാനാകാതെ ഗതികേടിലായി വനിതാ ടെക്കികൾ. ചിലർ കോറിവയ്ക്കുന്ന തെറിവാക്കുകളും മറ്റും കാരണമാണ് ഇവർ കെട്ടിടങ്ങളിലെ ലിഫ്റ്റുകൾ ഉപയോഗിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലെ നിള, തേജസ്വിനി, ഭവാനി എന്നീ കെട്ടിടങ്ങളിലെ ലിഫ്റ്റുകളിലാണ് സാമൂഹ്യവിരുദ്ധർ, തീയറ്റർ, റെയിൽവേ ടോയ്‌ലറ്റുകളെ നാണിപ്പിക്കുന്ന തരത്തിലുള്ള തെറിവാക്കുകൾ കോറി വച്ചിരിക്കുന്നത്. ആറ് മാസങ്ങൾക്ക് മുൻപ് ഒരു വനിതാ ടെക്കി നൽകിയ പരാതി അനുസരിച്ച് ടെക്‌നോപാർക്ക് അധികൃതർ ലിഫ്റ്റുകളിലെ ഇത്തരം അശ്ലീല വാക്കുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇവ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
മലയാളത്തിലുള്ള ഇത്തരം കോറി വരയ്ക്കലുകൾ കാരണം ടെക്‌നോപാർക്ക് ജീവനക്കാർക്ക്, പ്രത്യേകിച്ചും വനിതാ ജീവനക്കാർക്ക് ലിഫ്റ്റുകൾ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ലിഫ്റ്റുകളിൽ ക്യാമറകൾ സ്ഥാപിക്കാത്തത് കാരണമാണ് ചിലർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്നും പിന്തിരിയാൻ കൂട്ടാക്കാത്തതെന്നാണ് വനിതാ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചുകഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ലിഫ്റ്റുകളിൽ ഇത്തരം അശ്ലീല പദങ്ങൾ പ്രത്യക്ഷപ്പെടുകയാണെന്നും ഇത് തങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നതെന്നും സ്ത്രീകൾ പറയുന്നു. അങ്ങേയറ്റം നാണക്കേടാണ് ഇത് തങ്ങൾക്ക് ഉണ്ടാക്കുന്നതെന്നും അങ്ങേയറ്റം മോശമായ മനസ്ഥിതിയുള്ളവരാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെന്നും അവർ കൂട്ടിച്ചേർത്തു. ഇനി ഇത്തരം കാര്യങ്ങൾ ലിഫ്റ്റുകളിൽ കാണുകയാണെങ്കിൽ ഉടൻ പരാതി നൽകണമെന്ന് ടെക്കികളുടെ സംഘടനയായ 'പ്രതിധ്വനി'യുടെ വനിതാ വിഭാഗം അറിയിച്ചിട്ടുണ്ട്.