resort

കാഠ്‍മണ്ഡു : എട്ട് മലയാളി വിനോദസഞ്ചാരികൾ ശ്വാസംമുട്ടി മരിച്ച നേപ്പാളിലെ എവറസ്റ്റ് പനോരമ റിസോർട്ട് നേപ്പാൾ സർക്കാർ അടച്ചുപൂട്ടി. മതിയായ സരുക്ഷാ സംവിധാനങ്ങളില്ലാത്തതും നടത്തിപ്പിലെ വീഴ്‍ചകളും ചൂണ്ടിക്കാട്ടിയാണ് സർക്കാർ റിസോർട്ടിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. മുറിയിൽ ഇലക്ട്രിക് ഹീറ്റിംഗ് സൗകര്യമുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികൾ റസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റർ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിസോർട്ട് ജീവനക്കാർ നൽകിയ മൊഴി. എങ്കിലും ഇതു തടയുന്നതിൽ റിസോർട്ട് മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതിനെ തുടർന്നാണ് നടപടി.

റിസോർട്ടിന്റെ പ്രവർത്തനം നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ഞായറാഴ്‍ചയാണ് നേപ്പാൾ ടൂറിസം വകുപ്പ് നോട്ടീസ് നല്‍കിയത്. മലയാളി ടൂറിസ്റ്റുകളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സാംസ്‍കാരിക, വിനോദസഞ്ചാര, സിവിൽ ഏവിയേഷൻ വകുപ്പുകൾ ചേർന്നാണ് അന്വേഷണസമിതി രൂപവത്കരിച്ചത്. വിനോദസ‍ഞ്ചാര വകുപ്പ് ഡയറക്ടർ സുരേന്ദ്ര ഥാപയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റിസോർട്ടിൽ അതിഥികൾക്ക് ആവശ്യമായ സൗകര്യങ്ങളോ സുരക്ഷയോ നൽകുന്നില്ലെന്നും റിസോർട്ട് എന്ന വിഭാഗത്തിൽപ്പെടുത്താനുള്ള ഘടകങ്ങളും ഈ സ്ഥാപനത്തിനില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ചില വിനോദ സഞ്ചാര ബുക്കിംഗ് സൈറ്റുകളിൽ ഈ റിസോർട്ടിന്റെ ഹീറ്റർ സംവിധാനത്തെക്കുറിച്ച് സന്ദർശകർ പരാതി രേഖപ്പെടുത്തിയിട്ടുമുണ്ട്.1981-ലെ ഹോട്ടൽ, ലോ‍ഡ്‍ജ്, റസ്റ്റോറന്റ്, ടൂറിസ്റ്റ് ഗൈഡ് ചട്ടമനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കി മൂന്ന് മാസത്തിന് ശേഷം റിസോർട്ട് തുറക്കാമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

കേരളത്തിൽ നിന്നു വിനോദസഞ്ചാരത്തിന് എത്തിയ 15 അംഗ സംഘമായിരുന്നു പനോരമയിൽ താമസിച്ചിരുന്നത്. ഇവരിൽ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികളടക്കം എട്ടുപേരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.