തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതിലും 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയതിലും നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ സമയത്തും വിജയ്‌യുടെ മതം എടുത്ത് പറഞ്ഞുകൊണ്ട് വലതുപക്ഷാഭിമുഖ്യമുള്ള നിരവധി പേർ രംഗത്തുവന്നത് അതിലേറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ മറ്റൊരു സൂപ്പർ നടനായ വിജയ് സേതുപതി.
വിജയ്‌യുടെ മതത്തെ പശ്ചാത്തലമാക്കി സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്ന ഒരു വ്യാജ പ്രചാരണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു വിജയ് സേതുപതി രംഗത്തെത്തിയത്. മതസ്ഥാപനങ്ങൾ വിജയ്യെയും വിജയ് സേതുപതിയെയും പോലെയുള്ള താരങ്ങളിൽ നിന്നും ഫണ്ടുകൾ സ്വീകരിച്ചുകൊണ്ട് മതപരിവർത്തനം നടത്തുകയാണെന്നും ഇത് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചുവെന്നും ഇനിയും റെയ്ഡുകൾ ആവർത്തിക്കുമെന്നുമായിരുന്നു ഈ കുറിപ്പുകളുടെ രത്‌നച്ചുരുക്കം.
ഈ കുപ്രചരണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്ത വിജയ് സേതുപതി 'പോയി വേറെ വല്ല പണിയുമുണ്ടോയെന്ന് നോക്കെടാ' എന്നാണ് ഇതോടൊപ്പം തമിഴിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിഗിൽ സിനിമയുടെ പ്രതിഫലുമായി ബന്ധപ്പെട്ട് വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' എന്ന സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവർ വിജയ്‍യെ ചോദ്യം ചെയ്തത്. തുടർന്ന് വിജയ്യുടെ വീട്ടിൽ വച്ചും ഉദ്യോഗസ്ഥർ താരത്തെ ചോദ്യം ചെയ്തിരുന്നു. 'മാസ്റ്ററി'ൽ വില്ലൻ വേഷത്തിൽ എത്തുന്നത് വിജയ് സേതുപതിയാണ്.
போயி வேற வேலை இருந்தா பாருங்கடா... pic.twitter.com/6tcwhsFxgT