retail-inflation

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് വ്യക്തമാക്കി ഉപഭോക്തൃ വിലസൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയിൽ ആറുവർഷത്തെ ഉയരമായ 7.59 ശതമാനത്തിലെത്തി. ഡിസംബറിൽ ഇത് 7.35 ശതമാനമായിരുന്നു. ഗ്രാമങ്ങളിൽ റീട്ടെയിൽ നാണയപ്പെരുപ്പം 7.23 ശതമാനത്തിൽ നിന്നുയർന്ന് 7.73 ശതമാനമായി.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് നാല് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഡിസംബറിൽ നാണയുപ്പെരുപ്പം ഏഴ് ശതമാനത്തിന് മുകളിലെത്തിയതിനാൽ, ഫെബ്രുവരിയിലെ ധനനയ നിർണയ യോഗത്തിൽ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല.

ജി.ഡി.പി വളർച്ച നടപ്പുവർഷം ദശാബ്ദത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ, പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നാണയപ്പെരുപ്പം വില്ലനാകുകയായിരുന്നു. അടുത്ത ധനനയ നിർണയ യോഗം ഏപ്രിലിലാണ്. 2020-21 വർഷത്തെ ആദ്യ പകുതിയിൽ നാണയപ്പെരുപ്പം 5.4 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. ഫലത്തിൽ, ഇനി സമീപഭാവിയിലെങ്ങും പലിശ കുറയില്ലെന്ന സൂചനയാണ് നാണയപ്പെരുപ്പത്തിന്റെ കുതിപ്പ് നൽകുന്നത്.

ആശങ്കയായി

ഭക്ഷ്യവിലക്കയറ്റം

ഭക്ഷ്യോത്പന്നങ്ങളുടെ വില വർദ്ധനയാണ് പ്രധാന തിരിച്ചടി. 2019 ജനുവരിയിൽ മൈനസ് 2.24 ശതമാനമായിരുന്ന ഭക്ഷ്യ വിലപ്പെരുപ്പം കഴിഞ്ഞമാസം 13.63 ശതമാനത്തിലെത്തി. ഇത്, പലിശനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് റിസർ‌വ് ബാങ്കിനെ പിന്തിരിപ്പിക്കും.

7.39%

2014 ജൂലായിലാണ് നാണയപ്പെരുപ്പം ഇതിന് മുമ്പ് ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത്; 7.39 ശതമാനം.

തകർന്നടിഞ്ഞ്

വ്യവസായം

ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ച ഡിസംബറിൽ മൈനസ് 0.03 ശതമാനത്തിലേക്ക് തകർന്നടിഞ്ഞു. 2018 ഡിസംബറിൽ വളർച്ച പോസിറ്റീവ് 2.5 ശതമാനമായിരുന്നു. മാനുഫാക്‌ചറിംഗ് മേഖലയുടെ വളർച്ച 2.9 ശതമാനത്തിൽ നിന്ന് 1.2 ശതമാനത്തിലേക്ക് ഇടിഞ്ഞതാണ് പ്രധാന തിരിച്ചടി.