vk-ibrahim-kunju-

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജലൻസിന്റെ നോട്ടീസ്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഗവർണർ അനുമതി നൽകിയ ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്

പാലാരിവട്ടം മേല്പാലം നിർമ്മാണത്തിൽ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുള്ളത്.

കരാറിലില്ലാത്ത പണം അഡ്വാൻസ് നൽകുന്നതിനെ ചില ഉദ്യോഗസ്ഥർ രേഖാമൂലം തന്നെ എതിർത്തെങ്കിലും തുക അനുവദിക്കാൻ മന്ത്രി നിർദ്ദശിക്കുകയായിരുന്നു. പലിശ ഇളവിലൂടെ എട്ട് കോടി രൂപ കരാർ കമ്പനിക്ക് നൽകിയത് വഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആൻ‌ഡ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു.