തിരുവനന്തപുരം: തലസ്ഥാന വികസനത്തെ ബഡ്ജറ്റിൽ അവഗണിച്ചിട്ടില്ലെന്ന് നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ആരോപണങ്ങളെ മറുപടി പ്രസംഗത്തിൽ തള്ളിയ മന്ത്രി 14.75 കോടി രൂപ തലസ്ഥാന ജില്ലയ്ക്ക് അധികമായി അനുവദിച്ചു. ബഡ്ജറ്റ് പ്രസംഗത്തിൽ തലസ്ഥാന വികസനത്തിന് ഊന്നൽ നൽകിയില്ലെങ്കിലും മറുപടി പ്രസംഗത്തിൽ തലസ്ഥാന വികസനത്തെക്കുറിച്ച് പറഞ്ഞായിരുന്നു പ്രസംഗം തുടങ്ങിയത്. നേരത്തെ പ്രഖ്യാപിച്ചതും മുൻ ബഡ്ജറ്റുകളിലുള്ളതും ഉൾപ്പെടെ 4853 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇന്നലെ അദ്ദേഹം വിശദീകരിച്ചത്. മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയാകുന്ന ട്രോമ കെയർ സെന്ററിന് 12 കോടി രൂപ, ഭാരത് ഭവന് 2 കോടി, ആര്യനാട്ടെ വിനോബ മ്യൂസിയത്തിന്റെ നവീകരണത്തിന് 25 ലക്ഷം രൂപ, കേരള ഒളിമ്പിക്ക് അസോസിയേഷന് 50 ലക്ഷം രൂപ എന്നി മറുപടി പ്രസംഗത്തിൽ തലസ്ഥാനത്തിനായി അനുവദിച്ചു.
ഇപ്പോൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതടക്കം തലസ്ഥാനത്തെ റോഡുകൾക്ക് 2000ത്തോളം കോടി രൂപയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഏറ്റവും വലുത് 864 കോടിയുടെ സ്മാർട്ട് സിറ്റി ട്രാൻസ്പോർട്ട് നെറ്റ് വർക്കാണ്. റോഡ്, പാലം തുടങ്ങിയ ഗതാഗത പദ്ധതികൾക്ക് 770 കോടി രൂപയുടെ കിഫ്ബി പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 120 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളും മൾട്ടിലെവൽ പാർക്കിംഗിന് വിവിധ പദ്ധതികളിൽപ്പെടുത്തി 131 കോടി രൂപയും നഗരത്തിൽ ചെലവഴിക്കുന്നുണ്ട്. കരമന-കളിയിക്കാവിള റോഡ് കിഫ്ബിയിൽ ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിക്കുന്ന റോഡാണ്. ഇതിന്റെ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള റീച്ചാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ഇതിന്റെ ബാക്കിയുള്ള ഭാഗത്തിന് പ്രൊവിഷൻ ഇല്ല എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 1500 കോടിയുടെ നിർമ്മാണ പ്രവൃത്തികളാണ് നടക്കുന്നത്. വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കുന്നതിന് പണം അനുവദിക്കാത്തത് അതിന്റെ ഉടമസ്ഥാവകാശം ആർക്കുപോകുമെന്ന് വ്യക്തത ഇല്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർ, അരുവിക്കര, ശൃംഖലയുടെ വിപുലീകരണത്തിനായി 635 കോടി രൂപ, സീവേജ് ട്രീറ്റ്മെന്റിന് 525 കോടി രൂപ എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അമൃത് പദ്ധതിയിൽ ഇപ്പോൾ തന്നെ 225 കോടി രൂപയുണ്ട്. തിരുവനന്തപുരം വിദ്യാനഗരം പദ്ധതി പ്രകാരം 824 കോടി രൂപ വിദ്യാലയങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 700 കോടി രൂപ മെഡിക്കൽ കോളേജിനാണ്. ഇതിനുപുറമേ 100 കോടിയോളം രൂപ കിഫ്ബിയിൽ നിന്നു കേരള യൂണിവേഴ്സിറ്റിക്കുള്ളത് വിലയിരുത്തൽ ഘട്ടത്തിലാണ്. ഐ.ടി വ്യവസായ പാർക്കുകൾ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നത് 534 കോടി രൂപയുടേതാണ്. സാംസ്കാരികത്തിന് 155 കോടിയും ടൂറിസത്തിന് 180 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
വിഴിഞ്ഞം പദ്ധതി പ്രവർത്തനത്തിന് യാതൊരു തടസവും ഉണ്ടായിട്ടില്ല. റിംഗ് റോഡായി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും യാഥാർത്ഥ്യമാക്കും. എൻ.എച്ച് 66 നെയും നാല് സംസ്ഥാന പാതകളെയും (എസ്.എച്ച് 46, എസ്.എച്ച് 1, എസ്.എച്ച് 47, എസ്.എച്ച് 2), സ്റ്റേറ്റ് ഹൈവേയും ബന്ധിപ്പിക്കും. 3 മേജർ ബ്രിഡ്ജുകൾ, 16 മൈനർ ബ്രിഡ്ജുകൾ, 5 വയാഡറ്റുകൾ, 90 അണ്ടർ പാസുകളോ ഓവർ പാസുകളോ, 9 ഫ്ലൈഓവറുകൾ, 54 പൈപ്പ് കൾവെർട്ടുകൾ, 44 ബോക്സ് കൾവെർട്ടുകൾ, കൂടാതെ ബാലരാമപുരത്ത് റോഡ് ഓവർബ്രിഡ്ജ് എന്നിവയുമുണ്ടാകും. 1500 ഏക്കർ ഭൂമി റോഡിനു വേണ്ടി മാത്രം ഏറ്റെടുക്കും. മൊത്തം ചെലവ് 8136 കോടി രൂപ. നിർമ്മാണത്തിനു പ്രത്യേക എസ്.പി.വി രൂപീകരിക്കും. സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോണിന് ഭൂമി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
മറുപടിയിലും തലസ്ഥാനത്തിന് നിരാശ: വി.എസ്. ശിവകുമാർ
തിരുവനന്തപുരം: തലസ്ഥാനവാസികളെ മുഴുവൻ നിരാശയിലാക്കുന്നതായിരുന്നു ധനമന്ത്രിയുടെ മറുപടി പ്രസംഗമെന്നും വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. 2016 മുതൽ ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗങ്ങളിൽ ആവർത്തിച്ചുകേൾക്കുന്നതാണ് ഉള്ളൂർ, പട്ടം, ശ്രീകാര്യം ഓവർബ്രിഡ്ജുകൾ. 2018 ജൂണിൽ ധാരണാപത്രം ഒപ്പുവച്ച് 2021 മാർച്ച് 31ന് പൂർത്തീകരിക്കേണ്ട കേന്ദ്രസഹായത്തോടെയുള്ള സ്മാർട്ട് സിറ്റി പദ്ധതിക്ക്, 13 മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അഞ്ച് ശതമാനം മാത്രമാണ് ചെലവഴിച്ചത്. വിമാനത്താവള വികസനം, ആറ്റുകാൽ ടൗൺഷിപ്പ്, ലൈറ്റ് മെട്രോ എന്നീ പദ്ധതികൾക്കൊന്നും ബഡ്ജറ്റിൽ തുകയില്ല.
നഗരത്തിൽ 60 ശതമാനം ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനോ, തീരദേശമേഖലയിലുൾപ്പെടെ നഗരത്തിൽ സിവറേജ് സംവിധാനം ഒരുക്കുന്നതിനോ തുക വകയിരുത്തിയില്ല. വലിയതുറ, പൂന്തുറ മത്സ്യബന്ധന തുറമുഖ പദ്ധതികൾക്കും, പൂന്തുറ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നവീകരണത്തിനും ബഡ്ജറ്റിൽ തുക അനുവദിക്കാതെ തീരദേശത്തെയും അവഗണിച്ചു. വിഴിഞ്ഞം പദ്ധതിക്കാവശ്യമായ തുക ബഡ്ജറ്റിലില്ല. നാലുവർഷം പിന്നിട്ടിട്ടും കരമന - കളിയിക്കാവിള പാതയുടെ രണ്ടാംഘട്ടം പൂർത്തീകരിക്കുന്നതിനോ, മൂന്നാംഘട്ടമായ ബാലരാമപുരം കളിയിക്കാവിള ഭാഗം പൂർത്തീകരിക്കുന്നതിനോ ആവശ്യമായ തുക വകയിരുത്തിയിട്ടില്ല.
'അരിയെത്ര? എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി ' എന്ന രീതിയിലുള്ള മറുപടിയായിരുന്നു ധനമന്ത്രി നൽകിയതെന്നും എം.എൽ.എ അറിയിച്ചു. ബഡ്ജറ്റിൽ തിരുവനന്തപുരം ജില്ലയിലെ റോഡുകൾക്ക് 1696 കോടി രൂപ അനുവദിച്ചെന്ന് പറയുമ്പോഴും അവ യാഥാർത്ഥ്യമാക്കണമെങ്കിൽ 20% തുക (340 കോടി രൂപ) അനുവദിക്കേണ്ടതുണ്ട്. എന്നാൽ അനുവദിച്ചത് 2.7% (42 കോടി രൂപ) മാത്രമാണ്. തിരുവനന്തപുരം നിയോജകമണ്ഡലത്തിനായി പ്രഖ്യാപിച്ച 20 പദ്ധതികളിൽ ഒന്നിനുപോലും പദ്ധതി നിർവഹണത്തിന് ആവശ്യമായ 20 ശതമാനം തുക അനുവദിച്ചിട്ടില്ലെന്നും എം.എൽ.എ പ്രസ്താവനയിൽ വ്യക്തമാക്കി.
മറ്റ് പദ്ധതികൾ
l വിഴിഞ്ഞത്തോട് അടുത്ത് വിപുലമായ ലോജിസ്റ്റിക് പാർക്ക്.
l ഐസർ, സ്പെയ്സ് റിസർച്ച് സെന്റർ എന്നിവയുമായി ബന്ധപ്പെടുത്തിനോളജ് സിറ്റി. സാങ്കേതിക സർവകലാശാല വിളപ്പിൽശാലയിൽ
l മറ്റു വ്യവസായ പാർക്കുകൾ
l ഭൂമി ഏറ്റെടുക്കുന്നതിന് ലാന്റ് പൂളിംഗ്, ലാന്റ് ബോണ്ടുകൾ, ലാന്റ് മോണിറ്റൈസേഷൻ തുടങ്ങിയ നൂനത സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തും.
മറ്റു നഗരവികസന സ്കീമുകൾ
l ഗ്രീനിംഗ് സിറ്റി പദ്ധതി
l മ്യൂസിക് ആന്റ് ആർട് സർക്യൂട്ട്
l ഹെറിറ്റേജ് സർക്യൂട്ടുകൾ
l സമ്പൂർണ കുടിവെള്ളവും
സീവേജും
l സാനിട്ടേഷൻ
l അണ്ടർഗ്രൗണ്ട് കേബിളിംഗ്
l പാർക്കിംഗ്
l ജലാശയങ്ങളുടെ ശുചീകരണം
l സിറ്റി റോഡ് ഇംപ്രൂവ്മെന്റ്
മാതൃക
കൂടുതൽ പ്രദേശത്തേക്ക്