തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന വിള്ളലുകളെപ്പറ്റി സിനിമയൊരുക്കി പ്ലസ്വൺ വിദ്യാർത്ഥി. കുളത്തൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സൂര്യ സുന്ദർ എന്ന പതിനെട്ടുകാരനാണ് 'സാക്ഷി"എന്ന പേരിൽ സിനിമയൊരുക്കിയിരിക്കുന്നത്. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ചിത്രീകരണം പൂർത്തിയായി. താൻ നേരിടുന്ന പഠന വൈകല്യങ്ങളെ ധൈര്യപൂർവം നേരിട്ടുകൊണ്ടാണ് സൂര്യയുടെ നേട്ടങ്ങളെല്ലാം. 45 ശതമാനം പഠന വൈകല്യങ്ങളുള്ള വിദ്യാർത്ഥിയായ സൂര്യയ്ക്ക് എഴുത്തും കാമറയും മറ്റെന്തിനെക്കാൾ പ്രിയപ്പെട്ടതാണ്.
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം, പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നിവ തുറന്നുകാണിക്കുകയാണ് സാക്ഷി എന്ന കൊച്ചു സിനിമ. താൻ സമൂഹത്തിൽ നിന്ന് നേരിട്ട് കണ്ടതും പത്രമാദ്ധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതുമായ സംഭവങ്ങളാണ് കഥ എഴുതാൻ കാരണമായതെന്ന് സൂര്യ സുന്ദർ പറയുന്നു.
സിനിമാമോഹം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ആദ്യം ആരും കാര്യമാക്കിയില്ല. കഥ പൂർത്തിയാക്കിയതോടെ വീട്ടുകാരും നാട്ടുകാരും പിന്തുണയുമായെത്തി. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട ശിവാനന്ദന്റെയും ശോഭനയുടെയും മൂന്നാമത്തെ മകനായ സൂര്യയ്ക്ക് എല്ലാ പിന്തുണയും നൽകുന്നത് വീട്ടുകാർ തന്നെയാണ്. ശാന്തി യോഗ ആൻഡ് മെഡിറ്റേഷൻ സെന്റർ ഉടമ കൂടിയായ അമ്മ ശോഭനയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഷബീർഷായാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കാമറ രഞ്ജിത് മുരളി. ഗാനങ്ങൾ രചിച്ചിരിക്കുന്നത് കവി സുമേഷ് കൃഷ്ണനാണ്. ബഷീർ നൂഹുവിന്റെ സംഗീതം പകർന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പന്തളം ബാലൻ. ഗിന്നസ് വിനോദ്, ദിവ്യ ശ്രീധർ, അനന്തു എസ്.ആർ, അശ്വനി ചന്ദ്രൻ, അനീഷ് പി.ജെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം കുട്ടികളുടെ ചലച്ചിത്ര മേളയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് എക്സൈസ് കമ്മിഷണേറ്റ് സൂര്യയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
മന്ത്രിമാരായ ഇ.പി ജയരാജൻ, സി. രവീന്ദ്രനാഥ്, കവി പ്രഭാവർമ, നടൻ മോഹൻലാൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, വിനോജ് ഗുരുവായൂർ, ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ്, നേമം പുഷ്പരാജ്, വിനോദ് വൈശാഖി തുടങ്ങി നിരവധിപേർ സിനിമയ്ക്ക് ആശംസയർപ്പിച്ചു.