ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1368 ആയി. 14840 പേർക്കു കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60286 ആയി. ഇന്നലെ മാത്രം ഹുബൈ പ്രവിശ്യയിൽ 242 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും, ലോകത്തിന്റെ ഏത് കോണിലും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. രോഗത്തിന്റെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കി. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലൈലാമ അറിയിച്ചിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച് ആലപ്പുഴയിൽ ചികിത്സയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥിയെ ഇന്ന് ഐസൊലേഷൻ വാർഡിൽ നിന്ന് മാറ്റും.തുടർച്ചയായ പരിശോധനകളിൽ കൊറോണ വൈറസ് നെഗറ്റീവായതിനെത്തുടർന്നാണ് നടപടി. ഐസൊലേഷൻ വാർഡിൽ നിന്ന് മാറ്റിയാലും ഫെബ്രുവരി 26വരെ വീട്ടിൽ നിരീക്ഷണത്തിൽ വയ്ക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.