ന്യൂഡൽഹി: ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ് റോഡിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് 16 പേർ മരിച്ചു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സയ്ഫായ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ നിന്നും ബീഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
അതേസമയം പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽതന്നെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് നഗ്ല ഖൻഹർ പോലീസ് സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാർ അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റിനും മുതിർന്ന പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകണമെന്ന് അദ്ദേഹം ആശുപത്രി അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.