അരൂർ: എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് വടിവാളുകൊണ്ടുള്ള വെട്ടേറ്റ് 5 വീടുകളിലെ 5 വളർത്തു നായ്ക്കൾക്കു പരിക്ക്. ഗുരുതര പരിക്കേറ്റ ഒന്നു ചത്തു. നാലെണ്ണം ഏതു നിമിഷവും ചാകാവുന്ന നിലയിലാണ്. കഴിഞ്ഞ 2 രാത്രിയിലായിട്ടാണ് ക്രൂരത അരങ്ങേറിയത്. കാരുവള്ളിൽ ജോയിയുടെ അൾസഷൻ നായയാണു ചത്തത്. സമീപത്തെ മറ്റ് 4 വീടുകളിലെയും നായ്ക്കൾക്ക് വെട്ടേറ്റു. ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത ശേഷമാണ് നായ്ക്കളെ വെട്ടിയതെന്ന് അരൂർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അരൂർ പൊലീസിൽ വീട്ടുകാർ പരാതി നൽകി.