local
വീട്ടമ്മയെ തടഞ്ഞ് വെച്ച നാദാപുരത്തെ സൂപ്പർ മാർക്കറ്റ് അടപ്പിക്കുന്നതിനിടെ വാക്കറ്റമുണ്ടായതോടെ പൊലീസ് ഇടപെട്ടപ്പോൾ

നാദാപുരം: മോഷണക്കുറ്റം ആരോപിച്ച് വീട്ടമ്മയെ സൂപ്പർ മാർക്കറ്റിൽ മണിക്കൂറുകളോളം ഇടുങ്ങിയ മുറിയിൽ പൂട്ടയിട്ടതിനെ ചൊല്ലി വൈകിട്ട് നാദാപുരത്തും കല്ലാച്ചിയിലും സംഘർഷാവസ്ഥ. രണ്ടിടത്തെയും സൂപ്പർ മാർക്കറ്റുകൾ ആളുകൾ അടപ്പിച്ചതിനു പിറകെയായിരുന്നു സംഘർഷം.

ഇന്നലെ രാവിലെ പത്ത് മണിയോടെ നാദാപുരം റൂബിയാൻ സൂപ്പർ മാർക്കറ്റ് പാത്രപ്പുരയിലായിരുന്നു സംഭവം. തൂണേരി സ്വദേശിനിയായ യുവതിയെയാണ് സൂപ്പർ മാർക്കറ്റിനുള്ളിൽ തടഞ്ഞുവെച്ചത്.

സൂപ്പർ മാർക്കറ്റിൽ യുവതിയെ തടഞ്ഞുവെച്ച സംഭവം അറിഞ്ഞ് ഉച്ചയ്ക്ക് ശേഷം ചിലർ നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വൈകാതെ യുവതിയെ സ്‌റ്റേഷനിലെത്തിച്ചു. രാവിലെ പത്തു മണി മുതൽ വൈകിട്ട് മൂന്ന് വരെ ഭക്ഷണമോ, വെള്ളമോ നൽകാതെ തന്നെ സൂപ്പർ മാർക്കറ്റിലെ ഇടുങ്ങിയ മുറിയിൽ തടഞ്ഞ് വെക്കുകയായിരുന്നുവെന്നും മോഷണക്കുറ്റം ചുമത്തി ജയിലിൽ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ മൊഴി നൽകി. പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ അവശയായ യുവതി സ്‌റ്റേഷനിൽ തളർന്നു വീണു. തുടർന്ന് യുവതിയെ പൊലീസ് നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ അകാരണമായി തടഞ്ഞ് വെച്ചതിന് സൂപ്പർമാർക്കറ്റിലെ രണ്ടു ജീവനക്കാരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. പുളിയാവ് സ്വദേശി പാറോളിക്കണ്ടിയിൽ കുഞ്ഞബ്ദുള്ള (54), പുറമേരി മുതുവടത്തൂർ സ്വദേശി ആയനിതാഴെ കുനി സമദ് (25) എന്നിവരെയാണ് ഐ പി സി 342, 330, 506 എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തത്. അതിനിടെ, സംഘടിച്ചെത്തിയ ഒരു സംഘം നാട്ടുകാർ സൂപ്പർ മാർക്കറ്റ് പൂട്ടിച്ചു. നാദാപുരം സി ഐ എൻ.സുനിൽകുമാർ, എസ്.ഐ എൻ.പ്രജീഷ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
വൈകിട്ട് ആറ് മണിയോടെ കല്ലാച്ചിയിലെ റൂബിയാൻ സൂപ്പർ മാർക്കറ്റും നാട്ടുകാർ സംഘം ചേർന്ന് പൂട്ടിച്ചു. വിവരമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. റോഡിൽ കൂടിനിന്നവരോട് പിരിഞ്ഞുപോവാൻ നാദാപുരം എസ്.ഐ ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. അതൊടുവിൽ ഉരസിലിലേക്ക് എത്തിയതോടെ പൊലീസ് ലാത്തി വീശി ആളുകളെ പിരിച്ചുവിടുകയായിരുന്നു.