മുംബയ്: സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അധ്യക്ഷനായ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈമാസം 29 മുതലാണ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വരിക.
നിലവിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുന്നുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി 20 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്.
ഒ.ബി.സി, എസ്.ഇ.ബി.സി (സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്ക വിഭാഗങ്ങൾ), വി.ജെ.എൻ.ടികൾ (വിമുക്ത് ജതി, നാടോടികളായ ഗോത്രങ്ങൾ), പ്രത്യേക പിന്നോക്ക വിഭാഗങ്ങൾ എന്നിവയ്ക്കുള്ള സംസ്ഥാന വകുപ്പ് ഇനിമുതൽ 'ബഹുജൻ കല്യാൺ വകുപ്പ്' എന്നറിയപ്പെടുമെന്നും മന്ത്രിസഭ തീരുമാനിച്ചു