coronavirus

ക്വാലാലംപൂർ: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1355 ആയി. വൈറസ് പടർന്ന സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും പല രീതിയിലുമുള്ള മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പരത്തുന്ന രോഗത്തിന്റെ ഔദ്യോഗിക പേര് ഇനിമുതൽ കോവിഡ് -19 എന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കയും ഭീതിയും വർദ്ധിച്ചതോടെ ജനങ്ങളെല്ലാം മാസ്ക്കും മറ്റും ധരിച്ചാണ് തെരുവുകളിൽ ഇറങ്ങുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പല മെഡിക്കൽ സ്റ്റോറുകളിലും ഗുണമേന്മയുള്ള മാസ്കുകൾ കിട്ടാനില്ല. എന്നാൽ സിംഗപ്പൂരിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തയാണ് ഏറ്റവും കൗതുകകരം. കൊറോണ പടർന്ന സാഹചര്യത്തിൽ സിംഗപ്പൂരിലെ മിക്ക കടകളിലും കോണ്ടം സ്റ്റോക്കില്ലാത്ത അവസ്ഥയാണ് പോലും. കൊറോണ പടരാതിരിക്കാൻ ആളുകൾ കോണ്ടം ഗ്ലൗസായി ഉപയോഗിക്കുന്ന സാഹചര്യം വന്നതോടെയാണിത്. കോണ്ടം ഗ്ലൗസായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇതിനിടെ കോണ്ടം ലഭിക്കാത്ത അവസ്ഥയെ ചിലർ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. കോണ്ടം ലഭിച്ചില്ലെങ്കിൽ അടുത്തകാലത്ത് തന്നെ സിംഗപ്പൂരിൽ ജനസംഖ്യ വർദ്ധിക്കുമെന്നായിരുന്നു ഒരാൾ ട്വീറ്റ് ചെയ്തത്. മിക്ക മെഡിക്കൽ സ്റ്റോറുകളുടെ ഷെൽഫുകളിൽ കോണ്ടം സ്റ്റോക്കില്ലാത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സിംഗപ്പൂർ ജനതയിലുണ്ടായ ഭീതി എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണിത്. സംഭവം ശ്രദ്ധയിൽപ്പെട്ട സിംഗപ്പൂർ പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. ഭയം വൈറസിനേക്കാൾ നിങ്ങളുടെ ശരീരത്തെ ദോഷം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.

അതേസമയം, 18 മാസത്തിനുള്ളിൽ വൈറസിനുള്ള വാക്‌സിൻ തയ്യാറാകുമെന്നും നിലവിലുള്ള എല്ലാ സജ്ജീകരണങ്ങളും വച്ച് വൈറസിനെ നേരിടാമെന്നും ലോകാരോഗ്യ സംഘടനയുടെ അദ്ധ്യക്ഷൻ ടെട്രോസ് അധനം ഗെബ്രെയേസസ് ജനീവയിൽ പറഞ്ഞു. ഇതിനിടെ വൈറസ് ബാധ സംശയിച്ച് ജപ്പാനിലെ യോക്കാഹാമ തുറമുഖത്ത് തടഞ്ഞുവച്ച ഡയമൻഡ് പ്രിൻസസ് കപ്പലിലെ ഇന്ത്യക്കാരായ രണ്ട് ജീവനക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ കൊറോണ രോഗബാധിതരുടെ എണ്ണം 175 ആയി ഉയർന്നിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരുമടക്കം 3700 പേരുള്ള കപ്പലിൽ 138 പേർ ഇന്ത്യക്കാരാണ്.