അദ്ധ്യാപക ശമ്പളത്തിന്
പ്രതിവർഷം
8,000 കോടി
വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ശമ്പളത്തിനും ഗ്രാന്റുകൾക്കുമാണ് റവന്യൂ വരുമാനത്തിന്റെ 60 ശതമാനം സർക്കാർ ചെലവിടുന്നത്. ഇതിൽ പ്രതിവർഷം 8,000 കോടി രൂപയെങ്കിലും എയ്ഡഡ് സ്കൂൾ അദ്ധ്യാപക ശമ്പളത്തിനാണ് .
പണം ഒഴുകുന്നത്
മുന്നാക്കക്കാരിലേക്ക്
എയ്ഡഡ് സ്കൂൾ അദ്ധ്യാപകരായി ആരാണ് നിയമിക്കപ്പെടുന്നത് ? ഈ ഗണത്തിൽപ്പെടുന്ന 90,360 തസ്തികകളിൽ സർക്കാർ റിക്രൂട്ട് ചെയ്തിരുന്നെങ്കിൽ 9,036 തസ്തികകളെങ്കിലും പട്ടികജാതി - വർഗ സമുദായങ്ങൾക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാൽ 679 പട്ടികജാതിക്കാരും 231 പട്ടികവർഗക്കാരും മാത്രമാണ് നിലവിലുള്ളത്. സർക്കാർ ശമ്പളം നൽകുന്ന തസ്തികകളിൽ 9,036 തസ്തിക അവർക്ക് നിഷേധിക്കപ്പെട്ടത് ഇന്ത്യയിൽ കേരളത്തിൽ മാത്രമാകണം. ദേശീയ വിദ്യാഭ്യാസനയം കർശനമായി വ്യവസ്ഥ ചെയ്തിട്ടും ഇത് എയ്ഡഡ് മാനേജ്മെന്റുകൾ പാലിക്കാൻ തയാറല്ല. കിട്ടാതെപോയ 9,036 സ്ഥിര ജോലികൾ പട്ടികജാതി - വർഗ സമുദായങ്ങളെ കൂടുതൽ ദരിദ്രമാക്കി. അവരറിയാതെ അവർ വഞ്ചിക്കപ്പെടുന്നു.മാനേജ്മെന്റുകൾ മാത്രം നിശ്ചയിക്കുന്ന വ്യക്തികൾ സർക്കാർ ശമ്പളം പറ്റുന്നു എന്നു മാത്രമല്ല നോൺ പ്ലാൻ റവന്യൂവിന്റെ ഈയിനത്തിലെ 60 ശതമാനം എങ്കിലും സംവരണത്തിന്റെ ആനുകൂല്യമില്ലാത്ത സമുദായങ്ങളിലേക്ക് ഒഴുകുന്നു. ദരിദ്രരിൽ നിന്നും പട്ടികജാതി - വർഗ സമുദായങ്ങളിൽ നിന്നും മുന്നാക്കക്കാരിലേക്ക് ബഡ്ജറ്റ് ഒഴുകുന്ന സംവിധാനമായി ഇതു മാറിയിരിക്കുന്നു.
കേരളത്തിലെ
മഹാത്ഭുതം
ഇങ്ങനെയുള്ള അധിക അദ്ധ്യാപകർക്ക് പലയിടത്തും യൂണിയൻ പ്രവർത്തനമാകാം. യാതൊരു പെരുമാറ്റ ചട്ടവും ഇവർക്കു ബാധകമാവുന്നില്ല. ചിലർ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പദവികളിലാണ്. പലരും മുഴുവൻ സമയ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനത്തിലാകയാൽ ശരിയായ ബോധന പ്രവൃത്തിയും നടക്കുന്നില്ല. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചൂഷണം ചെയ്യുന്ന സമീപനം എല്ലാവരിൽനിന്നുമല്ലെങ്കിലും ഉണ്ടാവുന്നുണ്ട്. ഇങ്ങനെ ഫലത്തിൽ ഇല്ലാത്ത വിദ്യാർത്ഥി സംഖ്യ ബോധിപ്പിച്ച് വേണ്ടത്ര തൊഴിലില്ലാതെ സൃഷ്ടിക്കപ്പെടുന്ന തസ്തികയിൽ കയറിപ്പറ്റുന്നവർക്ക് നാട് മുണ്ടുമുറുക്കി നല്ല ശമ്പളം നൽകി മരണം വരെ വ്യക്തിരക്ഷചെയ്യുന്ന ഒരു മഹാത്ഭുതം കേരളത്തിലെ നടക്കൂ.
തലവരി പരസ്യമായ
രഹസ്യം
ശരാശരി സെക്കൻഡറി സ്കൂൾ അദ്ധ്യാപക നിയമനത്തിന് അരക്കോടി രൂപവരെ മാനേജർമാരും ഇടനിലക്കാരും തലവരി വാങ്ങുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതേ സേവന വേതന വ്യവസ്ഥയുള്ള സർക്കാർ സ്കൂളിൽ അതേ തൊഴിൽ നേടുന്നതിന്ന് കർശനമായ പി.എസ്.സി ടെസ്റ്റ് പാസാകണം. മാനേജ്മന്റ് സ്കൂളിൽ മാനേജ്മെന്റിന്റെ അഭിമുഖം മതി. ഇവിടെ അദ്ധ്യാപക തസ്തികാ നിർണയം അദ്ധ്യയന വർഷത്തിലെ ആറാമത്തെ പ്രവൃത്തിദിനത്തിലെ വിദ്യാർത്ഥി സംഖ്യ മാത്രം ആശ്രയിച്ചാണ്. ആറാംദിനം എങ്ങനെയോ സ്കൂളിൽ വേണ്ടത്ര വിദ്യാർത്ഥികളുണ്ടാകുന്നു. അവരുടെ തലയെണ്ണി സാക്ഷ്യപ്പെടുത്തി അധിക തസ്തികകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ അതേ സ്കൂളുകളിൽ ഈ വിദ്യാർത്ഥി സംഖ്യ അടുത്ത അദ്ധ്യയന വർഷങ്ങളിൽ കൃത്യമായി കുറയുന്നു. ഇല്ലാതെയാവുന്ന വിദ്യാർത്ഥിയെ ചൂണ്ടിക്കാട്ടി കയറിപ്പറ്റിയ അദ്ധ്യാപകർ നിത്യബാദ്ധ്യതയായി നികുതിദായകന്റെ ചുമലിൽ തൂങ്ങുന്നു.
തിന്മ തിരുത്താനുള്ള
നല്ല ചുവട്
പബ്ലിക് എംപ്ലോയ്മെന്റിന്റെ പരസ്യ സംഘടിത അട്ടിമറിയായി ഈ സംവിധാനം മാറി.2020 ബഡ്ജറ്റിൽ ഈ തലകീഴായ സമ്പ്രദായം തിരുത്തും എന്ന പ്രഖ്യാപനം അതിനാൽ തന്നെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ എല്ലാവരുമറിയുന്ന ഒരു തിന്മയെ തിരുത്താനുള്ള നല്ല ചുവടായിട്ടാണ് കാണേണ്ടത്. ഇൗ കൺകെട്ട് ധനമന്ത്രി അവസാനിപ്പിച്ചാൽ കേരളമെന്നും സ്മരിക്കുന്ന ഒരു നേട്ടമാവും അത്. നിയമനാധികാരം മാനേജ്മെന്റിൽ തന്നെ നിലനിറുത്തി അതിന് അംഗീകാരം നൽകുന്ന ചുമതല എ.ഇ.ഒ യിൽ നിന്ന് സർക്കാരിലേക്ക് മാറ്റും എന്നു മാത്രമേ നിലവിൽ പറഞ്ഞിട്ടുള്ളൂ. അതിന് സർക്കാരിന് തീർച്ചയായും അധികാരമുണ്ട്. ഒരുപടികൂടി മുന്നോട്ടു പോയി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആധാർ ബന്ധിത ബയോ മെട്രിക് പഞ്ചിംഗ് നടപ്പാക്കുന്നതും നന്നായിരിക്കും.
ആദ്യ കടമ്പ
ആദ്യം കടക്കണം
അസാധ്യമല്ല ഇതൊന്നും. എന്നാൽ ആദ്യ കടമ്പ കടന്നിട്ട് കൂടുതൽ മാറ്റങ്ങളാവാം എന്ന സമീപനമാവും ഭേദം. കടന്നൽക്കൂട്ടിൽ ഒന്നിച്ചു കല്ലെറിയുക എന്നതും ഒഴിവാക്കാമല്ലോ. ഏതായാലും ഇക്കാര്യത്തിൽ കേരള സമൂഹം ഇനി നടത്തുന്ന ചർച്ചയെങ്കിലും സത്യസന്ധമാകുമോ എന്നറിയാൻ കൗതുകമുണ്ട്.
( അഭിപ്രായം വ്യക്തിപരം )