ഡൽഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടിയിരിക്കുകയാണ് കേന്ദ്രം. ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 146.50 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു. ഇതുസംബന്ധിച്ച് ശോഭാ സുരേന്ദ്രൻ മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. യു.പി.എ സര്‍ക്കാറിന്റെ വില വര്‍ദ്ധനക്കെതിരെ ശോഭ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.
“അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികൾക്ക് കഞ്ഞികൊടുക്കാൻ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാർ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാൻ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വർദ്ധിച്ചു,” എന്നാണ് വീട്ടിലെ അടുക്കളയിൽ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയിൽ ശോഭാ സുരേന്ദ്രൻ പറയുന്നത്.
ബി.ജെ.പി നേതാക്കളെ പരിഹസിച്ചും വിലവര്‍ദ്ധനെയെ എതിര്‍ത്തു കൊണ്ടും നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍. അതേസമയം, ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ദ്ധന നീട്ടിവെച്ചതെന്നാണ് സൂചന. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനയാണിത്.
ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിലവർദ്ധനവ് താത്കാലികമായി തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിവർഷം 12 ഗ്യാസ് സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്. തുടർന്നുള്ള ഓരോ സിലിണ്ടറിനും വർദ്ധിച്ച വില നൽകണം.