തൃശൂർ: ഒരാഴ്ച മുമ്പാണ് പഴയന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് പത്ത് വയസുകാരനായ അതുലിന്റെ ഫോൺ കോൾ വരുന്നത്. 'ഹലോ പൊലീസ് സ്റ്റേഷനല്ലേ? കോടത്തൂരിൽ നിന്ന് അതുലാണ് വിളിക്കുന്നത്, എന്റെ കാണാതായ പന്ത് കണ്ടുപിടിച്ച് തരണമെന്നായിരുന്നു' ആഞ്ചാം ക്ലാസുകാരന്റെ ആവശ്യം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും കാര്യമായി അന്വേഷിക്കാൻ തന്നെ പൊലീസുകാർ തീരുമാനിച്ചു.
പൊലീസുകാർ കുട്ടിയുടെ അമ്മ പ്രിയയെ വിളിച്ച് സംസാരിച്ചു. ദീർഘനാളായി അതുലും കൂട്ടുകാരും കളിച്ചുകൊണ്ടിരുന്ന പന്ത് മുറ്റത്ത് നിന്ന് കാണാതായെന്നും അതുമൂലം മകൻ വിഷമത്തിലാണെന്നും പ്രിയ പറഞ്ഞു. മാതാപിതാക്കൾ വേറെ പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞെങ്കിലും അവന് തന്റെ പഴയ പന്ത് തന്നെ വേണം.
ഗൂഗിളിൽ തപ്പിയാണ് അതുൽ പൊലീസ് സ്റ്റേഷനിലെ നമ്പർ കണ്ടെത്തിയത്. തുടർന്ന് അമ്മയുടെ ഫോണിൽ നിന്ന് വിളിക്കുകയായിരുന്നു. പന്ത് മോഷ്ടിച്ചവരെ സംബന്ധിച്ച് ചില സംശയങ്ങളും കുട്ടി പൊലീസിന് പറഞ്ഞുകൊടുത്തു. കോടത്തൂരിൽ ഫുട്ബോൾ മത്സരത്തിനിറങ്ങിയ ചില കുട്ടികളാണ് പന്ത് മോഷ്ടിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും അവരിൽ നിന്ന് അത് വാങ്ങി കുട്ടിയ്ക്ക് നൽകുകയും ചെയ്തു.