abhiraj

തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പാച്ചല്ലൂർ ജയാ നിവാസിൽ അഭിരാജിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒൻപതോടെ ദിബ്രുഗർകന്യാകുമാരി വിവേക് എക്‌സ്‌പ്രസിലെത്തിയതായിരുന്നു ഇരുപത്തിരണ്ടുകാരനായ അഭിരാജ്. പ്രത്യേക പരിശീലനം നേടിയ നായ ജാക്കാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്‌തതോടെ രണ്ടു ബാഗുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു.

അഭിരാജിനെ പിടികൂടിയത് ഇങ്ങനെ-

എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറിയ മുൻ എം.പി സെബാസ്‌റ്റ്യൻ പോളിനെ ശല്യം ചെയ്‌തതിനെ തുടർന്നാണ് ഡെപ്യൂട്ടി ചീഫ് ടിക്കറ്റിംഗ് എക്‌സാമിനർ അനിൽ ജി നായർ എത്തി അഭിരാജിനെ ചോദ്യം ചെയ‌്തെങ്കിലും തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും കൈയിലില്ലെന്ന് പറഞ്ഞ അഭിരാജ് പരസ്‌പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടർന്ന് ലഹരി ഉപയോഗിച്ചുണ്ടോ എന്ന ചോദ്യത്തിന് ഉപയോഗിക്കുക മാത്രമല്ല, തന്റെ കൈവശമുണ്ടെന്നും ഇയാൾ മറുപടി നൽകി. തുടർന്നായിരുന്നു നായയെ എത്തിച്ച് പരിശോധിച്ചത്. 16 കിലോ കഞ്ചാവാണ് അഭിരാജിൽ നിന്ന് പൊലീസ് കണ്ടെടുത്ത്.

ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. തലസ്ഥാനം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയ്ക്ക് കൂടുതൽ കണ്ണികൾ ഉണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ അനിൽകുമാർ പറഞ്ഞു പ്രതിയെ റിമാൻഡ് ചെയ്തു.