sanskrit

ഗുവാഹത്തി: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ചുപൂട്ടി സ്കൂളുകളാക്കി മാറ്റാൻ അസം സർക്കാരിന്റെ നീക്കം. വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഇവയൊക്കെ ഹൈസ്കൂളുകളും ഹയർസെക്കന്ററി സ്കൂളുകളുമായി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മതം, വേദം, അറബി പോലുള്ള ഭാഷകൾ തുടങ്ങിയവ പഠിപ്പിക്കുന്നത് ഒരു മതേതര സർക്കാരിന് ചേർന്നതല്ല. സംസ്ഥാന സർക്കാർ ഒരു മതേതര സ്ഥാപനമായതിനാൽ, മതപരമായ അദ്ധ്യാപനത്തിൽ ഏർപ്പെടുന്ന സംഘടനകൾക്ക് ധനസഹായം നൽകാൻ കഴിയില്ല. മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ കാരണം കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കം'- പുതിയ തീരുമാനം വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.


അസം സർക്കാർ തന്നെയാണ് സംസ്ഥാനത്തെ മിക്ക മദ്രസകളും സംസ്കൃതപഠനശാലകളും നിയന്ത്രിച്ചിരുന്നത്. ഇതിന്റെ ഫലമായി 1200 മദ്രസകളും 200 സംസ്‌കൃത പാഠശാലകളുമാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം സ്കൂളുകളാക്കി മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം, ഈ നിയമം സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമാകില്ല. മതപഠനശാലകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ 14 വയസിന് താഴെയുള്ളവരായതിനാൽ, അവരെ എവിടെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് പലപ്പോഴും തീരുമാനിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. മതപഠനത്തിലെ അമിതഭാരം കാരണം ഒരു വിദ്യാർത്ഥിക്കും പൊതുവിദ്യാഭ്യാസം നഷ്ടപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഒരു നിയന്ത്രണം കൊണ്ടുവരും, മതപരമായ പഠനത്തിനൊപ്പം നിർബന്ധിത പൊതുവിദ്യാഭ്യാസം നൽകാനും സ്വകാര്യ മദ്രസകളോട് ആവശ്യപ്പെടും- ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.