jyothikumar-chamakkala

പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കാലത്ത് സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകൾ നഷ്ടപ്പെട്ടു എന്നതിൽ അദ്ഭുതകരമായി ഒന്നുമില്ലെന്നും, സാക്ഷാൽ മുഖ്യമന്ത്രിയെത്തന്നെ കാണാതാകാത്തത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗ്യമെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

"കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ചാൽ കാര്യം എളുപ്പമായി. വെടിയുണ്ട മുതൽ പൊലീസ് വണ്ടിയുടെ ടയർ വരെ സർവതും അടിച്ചുമാറ്റി പങ്ക് എ.കെ.ജി സെന്ററിൽ കൃത്യമായി എത്തിക്കും.നാട്ടിൽ പട്ടാപ്പകൽ പിടിച്ചുപറിയും കൊള്ളയും കൊലയും അരങ്ങേറുന്നു."-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബഹ്റയുടെ ഉണ്ടയില്ലാ വെടികൾ !

ലോക് നാഥ് ബഹ്റയുടെ കാലത്ത് സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകൾ നഷ്ടപ്പെട്ടു എന്നതിൽ അദ്ഭുതകരമായി ഒന്നുമില്ല. സാക്ഷാൽ മുഖ്യമന്ത്രിയെത്തന്നെ കാണാതാകാത്തത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗ്യം. കള്ളന് കഞ്ഞി വയ്ക്കുക മാത്രമല്ല ആ കഞ്ഞിപ്പാത്രവും കട്ടുവിൽക്കാൻ കെൽപുള്ള മഹാനാണ് ശ്രീമാൻ ബഹ്റ.

എന്തിനാണ് ബഹ്റയെ ഒറ്റ രാത്രി കൊണ്ട് NIA യിൽ നിന്ന് അടിച്ച് പുറത്താക്കിയത് എന്ന ചോദ്യം ഞാൻ മുമ്പും ഉയർത്തിയതാണ്. അക്കാര്യം വ്യക്തമായി അറിയാവുന്നവർ പോലും തുറന്ന് പറയുന്നില്ല. ഡേവിഡ് ഹെഡ്ലിയെ നേരിട്ട് ചോദ്യം ചെയ്തു എന്ന ഉണ്ടയില്ലാ വെടി അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം കയ്യോടെ പൊക്കിയതാണ് ഒരു കാരണം.

മറ്റൊരു കാരണം കൂടി പിന്നാമ്പുറത്തുണ്ട്. അതാണ് പുറത്തു വരേണ്ടത്. എന്തൊക്കെയായാലും ഹെഡ്ലിക്കഥ കേട്ടാണത്രെ സഖാക്കൾ ഈ മഹാനെ സർവാധികാര്യക്കാരനാക്കിയത്.അതു മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് ഇപ്പോൾ മനസിലായല്ലോ. കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ചാൽ കാര്യം എളുപ്പമായി. വെടിയുണ്ട മുതൽ പൊലീസ് വണ്ടിയുടെ ടയർ വരെ സർവതും അടിച്ചുമാറ്റി പങ്ക് എ.കെ.ജി സെന്ററിൽ കൃത്യമായി എത്തിക്കും.

നാട്ടിൽ പട്ടാപ്പകൽ പിടിച്ചുപറിയും കൊള്ളയും കൊലയും അരങ്ങേറുന്നു. വൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസമെങ്കിലും കേരളത്തിലുണ്ടോയെന്ന് മാധ്യമ സുഹൃത്തുക്കൾ പറയട്ടെ. ഏറ്റവുമൊടുവിൽ നല്ലൊരു ചെറുപ്പക്കാരനെ മണ്ണുമാഫിയ കൊലപ്പെടുത്തിയതടക്കം നിയമവാഴ്ചയെ പരിഹാസ്യമാക്കിയ എത്ര സംഭവങ്ങൾ !'

വരാപ്പുഴയിലെ ശ്രീജിത്ത് മുതൽ നെടുങ്കണ്ടത്തെ രാജ്കുമാർ വരെ ബഹ്റയുടെ പൊലീസ് കൊന്നു തള്ളിയവർ എത്ര! മട്ടന്നൂരിലെ ഷുഹൈബും പെരിയയിലെ ശരത്തും കൃപേഷുമടക്കം സഖാക്കളുടെ കത്തിമുനയിൽ തീർന്ന എത്ര ചെറുപ്പക്കാർ ! തൊഴിലിടത്തെ മാനസീക പീഡനം മൂലം എത്ര പൊലീസുകാർ ജീവനൊടുക്കി..പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യർ കിടക്കാനൊരു കൂരയ്ക്ക് അപേക്ഷയുമായി കാത്തു നിൽക്കുമ്പോഴാണ് ഏമാൻമാർ ആഡംബര വില്ല പണിയുന്നത്.....

ഇതെല്ലാം ഇവിടെ നടക്കുമെന്ന് ബഹ്റയ്ക്കും കൂട്ടാളികൾക്കും അറിയാം...കാരണം ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകൻ. ലാവലിൻ കേസിൽ ഇടനിലക്കാരനായിരിക്കുന്നിടത്തോളം ബഹ്‌റയെ എന്തുവില കൊടുത്തും പിണറായി വിജയൻ സംരക്ഷിക്കുമെന്ന് ആർക്കാണ് അറിയാത്തത് !