sims

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കെതിരെ സി.എ.ജി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷക്കായി പൊലീസ് ഒരുക്കിയ സിംസ് പദ്ധതിയും സംശയത്തിന്റെ നിഴലിൽ. പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണെങ്കിലും സാമ്പത്തിക നേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. ഈ കമ്പനിക്ക് പൊലീസ് ആസ്ഥാനത്ത് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും സൗകര്യം പോലെ കടന്നുചെല്ലാനുമുള്ള അധികാരം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയിരുന്നു.

പൊലീസും കെൽട്രോണും ചേർന്ന് നടപ്പാക്കുന്നുവെന്നാണ് ആദ്യം ഡി.ജി.പി ഇറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം മറികടന്ന് ഗാലക്‌സോൺ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിയ്ക്കാണ് നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ഡി.ജി.പിക്കെതിരെ വൻ ഫണ്ട് വകമാറ്റിയതടക്കമുള്ള ആരോപണങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഒരു സ്വകാര്യ കമ്പനിക്ക് കേട്ടുകേൾവിയില്ലാത്ത അധികാരം ഡി.ജി.പി അനുവദിച്ചുകൊടുത്തിരിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി കാമറകളും സെർവറുകളും സ്ഥാപിക്കുന്ന പദ്ധതിയാണ് സിംസ്. ഇതിലൂടെ മോഷണവും മറ്റും പൂർണമായും തടയാനാവുമായിരുന്നു. പൊലീസിന് ബാദ്ധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയ പദ്ധതിയിൽ ഇപ്പോൾ ക്രമക്കേട് കണ്ടെത്തിയത് എന്നാണ് ആരോപണം.

പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കൺട്രോൾ റൂം തുറക്കാനായിരുന്നു തീരുമാനം. ഇവിടെ കെൽട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തണമെന്നും തീരുമാനമുണ്ടായിരുന്നു. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെൽട്രോണിന് നൽകണം. ഇതിന്റെ ചെറിയ വിഹിതം പൊലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.

എന്നാൽ കെൽട്രോൺ ഇത് ഉപകരാർ നൽകി. സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏൽപ്പിച്ചു. പക്ഷെ ബാങ്കുകളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നില്ല. ഇതോടെ പദ്ധതി താളം തെറ്റി. ഈ ഘട്ടത്തിൽ ഡി.ജി.പി ലോക്‌‌നാഥ് ബെഹ്റ നേരിട്ടിടപെട്ടു. സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടൽ നടത്താൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

പദ്ധതിയിൽ അംഗമാകുന്ന സ്ഥാപനങ്ങളിൽ സെർവർ ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവർ വാങ്ങും. അതിൽ നിന്ന് ചെറിയ പങ്ക് പൊലീസിന് നൽകുമെന്ന് മാത്രം. പദ്ധതിയുടെ കണ്‍ട്രോൾ റൂം പൊലീസ് ആസ്ഥാനത്തിനുള്ളിലാണ്. ഇത് നിർമിച്ചതും ഈ കമ്പനിയാണ്. കമ്പനിയുടെ രണ്ട് ജീവനക്കാർക്ക് ഇതിനുള്ളിൽ പ്രവർത്തിക്കാനും കൺട്രോൾ റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതിമുണ്ട്. സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്താണ് ഒരു സ്വകാര്യ കമ്പനിക്ക് സർവ അധികാരവും ഡി.ജി.പി നൽകിയിരിക്കുന്നത്.