കാർത്തികേയന്റെ മനസിൽ പ്രണയത്തിന്റെയും സിവിൽ സർവീസിന്റെയും വാതിലുകൾ തുറന്നത് വാസുകിയായിരുന്നു. മദ്രാസ് മെഡിക്കൽ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. മെഡിക്കൽ പ്രവേശന പരീക്ഷയിൽ വാസുകിയ്ക്ക് ഒന്നാം റാങ്ക്. കാർത്തികേയന് മൂന്നാം റാങ്കും. വെറും മെഡിസിൻ പഠനമായിരുന്നില്ല. അക്കാഡമിക് തലത്തിലും കലാപരിപാടികളിലും ഇരുവരും സജീവം. ചേരിപ്രദേശങ്ങളിൽ ബോധവത്കരണ ക്‌ളാസുകൾ എടുത്ത് സാമൂഹിക രംഗത്തും ശ്രദ്ധേയം. രണ്ടുപേരുടെയും താത്പര്യങ്ങൾ ഒന്നാണെന്ന് അവർ അറിയാതെ അറിഞ്ഞുകൊണ്ടിരുന്നു. അത് അവരെ കൂടുതൽ അടുപ്പിച്ചു. വാസുകിയാണ് ഇഷ്ടമാണെന്ന കാര്യം മുന്നോട്ട് വച്ചത്. 2010 ൽ വിവാഹിതരായി. ഇരുവരും അറിയപ്പെടുന്ന എെ.എ.എസ് ഉദ്യോഗസ്ഥരായതിന് പിന്നിലും പ്രണയം വഹിച്ച പങ്ക് വളരെ വലുതാണ്. വിവാഹം നടക്കുമ്പോൾ കാർത്തികേയൻ ഇന്ത്യൻ റവന്യു സർവീസിലും വാസുകി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലുമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്കു ശേഷം നടന്ന ഇന്റർവ്യൂവിൽ കാർത്തികേയൻ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. അതിന് കൂട്ടായി നിന്നത് വാസുകിയുടെ പ്രണയ മനസായിരുന്നുവെന്ന് കാർത്തികേയൻ പറയുന്നു. ''ജീവിതത്തിലെ നാഴികക്കല്ലാണ് വിവാഹം എന്നത് തിരിച്ചറിയണം. പെട്ടെന്ന് തോന്നി വളരെ പെട്ടെന്ന് അവസാനിപ്പിക്കേണ്ട ഒന്നല്ല പ്രണയം. 'ഫാസ്റ്റ് ഫുഡ്' പോലെ അപകടകരമാണ് 'ഫാസ്റ്റ് പ്രണയവും'. വളരെ ആലോചിച്ച ശേഷം മാത്രമേ പ്രണയിക്കാവൂ. വിവാഹത്തിലൂടെ അതിന്റെ അടുത്ത ഘട്ടം ആരംഭിക്കുക മാത്രമാണ് ചെയ്യുന്നത്.- കാർത്തികേയൻ പറയുന്നു