കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് സുപ്രധാനമായ പരാമർശവുമായി പ്രശസ്‌ത കാൻസർ നിർണയ വിദഗ്‌ദ്ധൻ ഡോ. എം.വി പിള്ള രംഗത്ത്. 2020ൽ എത്തിനിൽക്കുമ്പോഴും കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രോഗനിർണയ രംഗം 1951ൽ നിന്ന് ഒട്ടും മുന്നോട്ടു പോയില്ലെന്ന് അദ്ദേഹം പറയുന്നു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട് ഡോ.പിള്ള വിശദമാക്കിയത്.
ഡോ.എം.വി പിള്ളയുടെ വാക്കുകൾ-
'തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ച് വിക്കി പീഡിയയിൽ ഒരു ലേഖനമുണ്ട്. അതിലെ ഒരുപരാമർശം നമ്മൾ എല്ലാവരും വായിച്ചിരിക്കണം. മെഡ്ക്കൽ കോളേജ് തുടങ്ങി 1950-51ൽ രാജപ്രമുഖൻ തറക്കല്ലിടുന്നു. 1951ൽ പ്രധാനമന്ത്രി നെഹ്‌റു ഉദ്‌ഘാടനം ചെയ്യുന്നു. ഇക്കാലത്ത് ഏഷ്യൻ ഫ്ളൂ ഇന്ത്യയിലെ ആകെ പടർന്നിരിക്കുന്ന സമയമാണ്. അന്ന് ഇൻഫ്ളുവൻസ രോഗനിർണയം നടത്താൻ കേരളത്തിലുണ്ടായിരുന്ന ഒരേയൊരു സെന്റർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബാണ്. ഒന്ന് ഫാസ്‌റ്റ് ഫോർവേഡ് ചെയ്‌തു നോക്കൂ, 2020 ആയപ്പോൾ നമുക്ക് മലബാറിൽ എച്ച്1 എൻ1 ഫ്ളൂ പടർന്നു പിടിക്കുകയാണ്.പക്ഷേ നമ്മൾ ബ്ളഡ് സാമ്പിൾ എടുത്തുകൊണ്ട് ഓടി ഡയഗ്നോസ് ചെയ്യുന്നത് മണിപ്പാലിലാണ്. 1951ൽ ഏഷ്യൻ ഫ്ളൂ കണ്ടുപിടിക്കാൻ ഒരു സർക്കാർ സ്ഥാപനത്തിന് കഴിവുണ്ടായിരുന്ന സ്ഥാനത്തു നിന്ന് 2020ൽ നമ്മൾ വടക്കോട്ട് ഓടുകയാണ്'.