ഹൈദരാബാദ്: റൊട്ടിയും പനീർ കറിയും കഴിച്ച രണ്ട് വയസുകാരൻ മരിച്ചു. ബംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനിയറായ രവി നാരായണിന്റെ മകൻ വിഹാൻ ആണ് മരിച്ചത്. ബെഗുംപേട്ടിലെ മാനസരോവർ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചത്.
യു.എസിലേക്ക് പോകാനുള്ള വിസ ശരിയാക്കാനായിട്ടാണ് രവി ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബെഗുംപേട്ടയിൽ എത്തിയത്. മാനസരോവറിലായിരുന്നു ഇവർ താമസിച്ചത്. ഈ മാസം 10നാണ് ഇവർ ഹോട്ടലിലെത്തിയത്. ഇവിടെ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചശേഷം വിസയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പുറത്ത് പോയി വൈകീട്ടാണ് തിരിച്ചെത്തിയത്.
വൈകീട്ടാണ് റൊട്ടിയും പനീർ കറിയും കഴിച്ചത്. രാത്രി രവിയ്ക്കും കുട്ടിക്കും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പഴകിയ ഭക്ഷണം നൽകിയതാണ് മരണ കാരണമെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.