election

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയാറാക്കാനും അതനുസരിച്ചു തിരഞ്ഞെടുപ്പു നടത്താനും കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്ന് കോടതി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശിച്ചാൽ തീരുമാനം പുനഃപരിശോധിക്കാൻ തയാറാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ നൽകിയ ഹർജി സിംഗിൾബെഞ്ച് നേരത്തെ തള്ളിയിരുന്നു.