kalyani-pranav

തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ ചിത്രം. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. തന്റെ ആദ്യമലയാള ചിത്രം എന്ന അതിർവരമ്പ് ഭേദിച്ച് നിക്കി (നിഖിത) എന്ന നായികാ വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി കല്യാണി മാറിക്കഴിഞ്ഞു. പ്രിയദർശൻ തന്നെ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് കല്യാണിയുടെ അടുത്ത റിലീസ് ചിത്രം. മോഹൻലാൽ അടക്കമുള്ള വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നു.

സഹതാരം എന്നതിലുപരി കല്യാണിയുടെ കളിക്കൂട്ടുകാരൻ കൂടിയാണ് പ്രണവ്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുവിനും (പ്രണവ് മോഹൻലാൽ) കിട്ടിയിരിക്കുന്നതെന്ന് കല്യാണി പറയുന്നു.

'അഭിനേതാവ് എന്ന നിലയിൽ ഒരു ടെൻഷനും ഇല്ലാതെയാണ് അപ്പുച്ചേട്ടൻ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞുകൊടുത്താൽ അതിനെകുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാൽ ഞാൻ കുറേ ചിന്തിച്ച ശേഷമെ അഭിനയിക്കൂ. ലാലങ്കിളും അപ്പുച്ചേട്ടനെ പോലെ ആയാസരഹിതമായാണ് അഭിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്.

സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്‌തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാൻ. ഒന്നിച്ചഭിനയിക്കുമ്പോൾ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോൾ അപ്പുച്ചേട്ടൻ ചോദിക്കും. മരക്കാറിന്റെ സെറ്റ് ശരിക്കും ഒരു കുടുംബസംഗമം പോലെയായിരുന്നു'.