bomb

ലക്‌നൗ: ല‌ക്‌നൗ കോടതിവളപ്പിൽ അഭിഭാഷകന്റെ ചേംബറിന് നേർക്ക് നടന്ന ബോംബാക്രമണത്തിൽ മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഉത്തർപ്രദേശ് വിധാൻ സഭയ്ക്ക് ഒരു കിലോമീറ്റർ അകലെ ഹസർഗഞ്ജ് കളക്ടറേറ്റിലുള്ള ലക്‌നൗ സെഷൻസ് കോടതി വളപ്പിലേക്ക് അക്രമികൾ നാടൻ ബോംബെറിയുകയായിരുന്നു. സ്ഥലത്ത് നിന്ന് മൂന്ന് ബോംബുകൾ കണ്ടെടുത്തു. ലക്‌നൗ ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാർ ലോധിയെ ലക്ഷ്യമിട്ടാണ് ബോംബാക്രമണമെന്നാണ് വിവരം.

' ആയുധധാരികളായ പത്തുപേരടങ്ങിയ സംഘം എന്റെ ചേംബർ ലക്ഷ്യമാക്കി നാടൻ ബോംബുകൾ എറിഞ്ഞു. ഒരെണ്ണം പൊട്ടി. മറ്റുള്ളവ പൊട്ടിയില്ല. '-സഞ്ജീവ് പറഞ്ഞു. അഭിഭാഷകനായ ജിത്തു യാദവാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാൾ ആരോപിച്ചു. രണ്ട് വിഭാഗം അഭിഭാഷകർ തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ പ്രകോപിതരായ അഭിഭാഷകർ കോടതിവളപ്പിൽ പ്രതിഷേധിച്ചു.

സ്‌ഫോടനം നടന്നയുടനെ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

2019 ഡിസംബറിലും ജനുവരിയിലും അഭിഭാഷകർക്ക് നേരെ ആക്രമണം നടന്നിരുന്നു. അഡ്വ. ശേഖർ ത്രിപാഠിയെ അഞ്ചംഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ, ജോലിയിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ പണിമുടക്കി പ്രതിഷേധിച്ചിരുന്നു.