aodhya

ന്യൂഡൽഹി:ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലവും അവരെ മത്സരിപ്പിക്കുന്നതിന്റെ കാരണങ്ങളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി രാഷ്‌ട്രീയ പാർട്ടികൾക്ക് ഉത്തരവ് നൽകി. ജസ്റ്റിസ് രോഹിന്റൺ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ആവർത്തിച്ച് ഈ ഉത്തരവിട്ടത്. സ്ഥാനാർത്ഥിയെ നിശ്ചയിച്ച് 48 മണിക്കൂറുകൾക്കുള്ളിൽ ഈ വിവരങ്ങൾ രാഷ്‌ട്രീയ പാർട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉൾപ്പെടെ പ്രസിദ്ധീകരിക്കണം. 72മണിക്കൂറുകൾക്കുള്ളിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിക്കണം. രാഷ്ട്രീയപാർട്ടികൾ വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാതിരിക്കുകയോ കമ്മിഷന് റിപ്പോർട്ട് നൽകാതിരിക്കുകയോ ചെയ്താൽ കോർട്ടലക്ഷ്യത്തിന് നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ദേശീയ, പ്രാദേശിക പത്രങ്ങളിലും, രാഷ്‌ട്രീയ പാർട്ടികളുടെ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പേജുകളിലും പ്രസിദ്ധീകരിക്കണം. സ്ഥാനാർത്ഥികളാക്കാൻ മാന്യന്മാരായ വ്യക്തികൾ ഉണ്ടായിട്ടും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മത്സരിപ്പിച്ചാൽ അതിന്റെ കാരണങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണം. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലാവണം. വിജയ സാദ്ധ്യത ഉണ്ടെന്ന് പറഞ്ഞ് ക്രമിനൽ പശ്ചാത്തലം ഉള്ളവരെ പരിഗണിക്കാനാവില്ല - കോടതി പറഞ്ഞു.

കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരെ തിരിഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് ഇലക്ഷൻ കമ്മിഷൻ നേരത്തേ രാഷ്‌ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കോടതി വിധി വന്നിരിക്കുന്നത്. മാനഭംഗവും കൊലപാതകവും ഉൾപ്പെടെയുള്ള ങീനമായ കുറ്റകൃത്യങ്ങൾ നടത്തുന്ന ക്രിമിനലുകൾ രാഷ്‌ട്രീയത്തിൽ വിഹരിക്കുന്നത് വർദ്ധിച്ചു വരുന്നതിൽ കോടതിയുടെ ഉൽക്കണ്ഠ പ്രതിഫലിക്കുന്നതാണ് വിധി. പാർലമെന്റംഗങ്ങളിൽ 46ശതമാനവും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തിയിരുന്നു. സ്ഥാനാർത്ഥികളുടെ പേരിലുള്ള ക്രിമിനൽ കേസുകൾ ഓൺലൈൻ ആയി പ്രസിദ്ധീകരിക്കണമെന്ന് 2018 സെപ്റ്റംബറിൽ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.ആ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്നവരെ ഒഴിവാക്കി പാർട്ടികളെ ശുദ്ധീകരിക്കാൻ പാർലമെന്റ് ശക്തമായ നിയമം കൊണ്ടുവരണമെന്നും ആ വിധിയിൽ നിർദ്ദേശിച്ചിരുന്നു.വിധി പൂർണമായി നടപ്പാക്കാത്തതിന് അധികൃതർക്കും രാഷ്‌ട്രീയ പാർട്ടികൾക്കും എതിരെ അഭിഭാഷകനായ അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച കോർട്ടലക്ഷ്യ ഹർജിയിലാണ് ഇന്നലത്തെ വിധി.

കളങ്കിതരായ സാമാജികരെ അയോഗ്യരാക്കിയതു കൊണ്ടു മാത്രം രാഷ്‌ട്രീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കാനാവില്ലെന്നും ശുദ്ധീകരണം രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് തന്നെ തുടങ്ങണമെന്നും രണ്ട് വർഷം മുമ്പ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചും ചൂണ്ടിക്കാട്ടിയിരുന്നു. ശുദ്ധീകരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ പ്രചാരമുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നതുൾപ്പെടെ ചില മാർഗ്ഗനിർദ്ദേശങ്ങളും ആ വിധിയിൽ മുന്നോട്ട് വച്ചിരുന്നു.