ലച്ചു എന്നു പേരു കേൾക്കുമ്പോൾ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓർമ്മ വരുന്ന ഒരു മുഖമുണ്ട്. ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ വായാടിപ്പെണ്ണിന്റെ മുഖം. രാജസ്ഥാൻ സ്വദേശിയായ ജൂഹി റുസ്‌തഗിയാണ് ലച്ചുവായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും ജൂഹിക്ക് മലയാളം മാതൃഭാഷ തന്നെയാണ്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ജൂഹി റുസ്‌തഗി. ഒപ്പം ഉപ്പും മുളകിലേക്കും ഇനിയില്ലെന്ന തീരുമാനവും എടുത്തു കഴിഞ്ഞു.
'ഉപ്പും മുളകും വിട്ടു... ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷൻ ഡിസൈനിങ്ങിന് ചേർന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സീരിയലിൽ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാർക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകിൽ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മർദം കൂടിയപ്പോൾ നിർത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യൽ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോൾ നിർത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്'- ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.