ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മിന്നും ജയത്തിനുപിന്നിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനൊപ്പം പ്രവർത്തിച്ച ഒരു വ്യക്തിയുണ്ട്. പാർട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാമനായ മനീഷ് സിസോദിയ. ശരിക്കും പറഞ്ഞാൽ ബുദ്ധികേന്ദ്രം. ഡൽഹി പിടിക്കാൻ പതിനെട്ടടവും പുറത്തെടുത്ത ബി.ജെ.പിയെ നിഷ്പ്രഭമാക്കിയത് കേജ് രിവാളിനൊപ്പം മനീഷിന്റെ പൂഴിക്കടകനുമായിരുന്നു. പരമ്പരാഗത രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാർക്കും പിടികിട്ടാത്ത സമസ്യയായി, ഒറ്റയാനായി കേജ്‍രിവാളിനെ വളർത്തിയതും ഇൗ ബുദ്ധിതന്നെയാണ്. ലക്ഷ്യബോധം, കൃത്യമായ ഹോംവർക്ക്, നടപ്പാക്കാനുള്ള ആർജവം.. പേടി എന്നത് നിഘണ്ടുവിലില്ല. അദ്ദേഹത്തിന്റെ ബുദ്ധിയിലുദിച്ച വിദ്യാഭ്യാസ നവീകരണമാണ് ആം ആദ്മി പാർട്ടിയുടെ വിജയത്തിനുപിന്നിലെ പ്രധാന ഘടകമെന്ന് എതിരാളികൾ പോലും വാഴ്ത്തുന്നുണ്ട്.
ചെറുപ്പക്കാരാണ് എന്നും ആം ആദ്മിയുടെ ശക്തി. അവരെ പാർട്ടിയോട് കൂടുതൽ അടുപ്പിച്ചത് മനീഷായിരുന്നു. തെരുവിലിറങ്ങി പ്രക്ഷോഭം നടത്താനും പ്രതികരിക്കാനും യുവതീയുവാക്കൾ ആവേശത്തോടെ രംഗത്തെത്തി. കൂടെയുള്ള പ്രബല ടീമിന്റെ സഹായത്തോടെ സൈബർ തന്ത്രങ്ങളിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത്. മനീഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും ചെറുപ്പക്കാരുടെ ഒരു വലിയ നിരയായിരുന്നു.
വാചക കസർത്തില്ല
വാചകസർത്തില്ലാതെ പരമ്പരാഗത രാഷ്ട്രീയക്കാർക്ക് നിലനിൽപ്പില്ല. എന്നാൽ, മനീഷ് അങ്ങനെയല്ല. ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയൂ. പറയുന്നത് ചെയ്യുകയും ചെയ്യും. തെറ്റാണെന്ന് തോന്നിയാൽ അത് ആരുടെ മുന്നിലും ഉറക്കെ വിളിച്ചുപറയും. ബി.ജെ.പി ഭരിക്കുന്ന ഹിമാചൽ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയ സവർണരാണ് മനീഷ് പ്രതിനിധീകരിക്കുന്ന പട്പട്ഗഞ്ച് മണ്ഡലത്തിലെ ഭൂരിപക്ഷവും. ഇത് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് പൗരത്വ നിയമത്തിനെ മനീഷ് നിശിതമായി വിമർശിച്ചത്. തന്റെ ജയത്തിനുവേണ്ടി നിശബ്ദനാകാൻ അദ്ദേഹം തയ്യാറായില്ല. ഷഹീൻബാഗിലെ സമരക്കാർക്കൊപ്പം അദ്ദേഹം പരസ്യമായി നിന്നു. ഇതുപയോഗിച്ച് വോട്ട് ധ്രുവീകരിക്കാൻ ബി.ജെ.പി പരമാവധി ശ്രമിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം തോൽക്കുമെന്നുവരെ കരുതി. ഡൽഹിയിലെ ഭരണം കിട്ടിയില്ലെങ്കിലും മനീഷ് തോൽക്കേണ്ടത് ബി.ജെ.പിയുടെ ആവശ്യവുമായിരുന്നു. പക്ഷേ, അവസാനം വിജയം മനീഷിനൊപ്പമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം ഇത്തവണ 2073 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിൽ ഒതുങ്ങി.
നഗരത്തിന്റെ കുതിപ്പും കിതപ്പും സമാസമം ചേരുന്ന പട്പട്ഗഞ്ച് മണ്ഡലത്തിന്റെ ഇന്നുകാണുന്ന വികസനം ഉണ്ടാക്കിയത് മനീഷ് ആണെന്നത് അദ്ദേഹത്തിന്റെ കടുത്ത വിമർശകർ പോലും സമ്മതിക്കും. വികസനത്തിലൂന്നി മനീഷും സംഘവും വോട്ടർമാർക്ക് മുന്നിലെത്തിയപ്പോൾ മണ്ഡലത്തിന്റെ പോരായ്മകൾ കണ്ടുപിടിക്കാനായിരുന്നു എതിരാളികളുടെ ശ്രമം. അതിൽ വേണ്ടത്ര വിജയിക്കാതെ വന്നതോടെ വർഗീയ ധ്രുവീകരണവും ആയുധമാക്കി.
എല്ലാം നോക്കി നടത്തി
മുഖ്യമന്ത്രി എന്നനിലയിൽ ആം ആദ്മി പാർട്ടിയുടെ മുഖമായിരുന്നു കേജ്‌രിവാൾ. കേന്ദ്രസർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലുകൾ മൂലം അദ്ദേഹത്തിന് ഭരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ വയ്യാത്ത ഒരു ഘട്ടംപോലും ഉണ്ടായി. അപ്പോൾ കാര്യങ്ങളെല്ലാം നോക്കിനടത്തിയത് മനീഷായിരുന്നു. പക്ഷേ, ഇത് അധികമാർക്കും അറിയാത്ത സത്യമാണെന്നുമാത്രം. എന്ത് എപ്പോൾ ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. വിദ്യാഭ്യാസ നവീകരണവും,മൊഹല്ല ക്ലിനിക്കുകളുമെല്ലാം ഇങ്ങനെ ഉരുത്തിരിഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്ന ശൈലി കേജ്‌രിവാൾ അവസാനിപ്പിച്ചതിന് പിന്നിലും മനീഷിന്റെ ബുദ്ധിയായിരുന്നു പ്രവർത്തിച്ചിരുന്നതെന്നാണ് ചിലർ പറയുന്നത്. കേജ്‌രിവാളിനൊപ്പം നിന്നവർ പലപലകാരണങ്ങളാൽ ശത്രുപാളയത്തിലേക്ക് ചേക്കേറിയെങ്കിലും മനീഷ് പാറപോലെ ഉറച്ചുനിന്നു. സാമൂഹ്യപ്രർത്തനത്തിലും രാഷ്ട്രീയത്തിലും എത്തുന്നതിനുമുമ്പ് അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. ആൾ ഇന്ത്യ റേഡിയോയിലും സീ ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്.