ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് ഡൽഹി പട്യാല കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ്മ നൽകിയ ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയുന്നത് ചൂണ്ടിക്കാണിച്ചാണ് നിർഭയയുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടിയത്. ഫെബ്രുവരി 17നാണ് ഹർജിയിൽ കോടതി വാദം കേൾക്കുക.
അതേസമയം മരണവാറണ്ട് പുറപ്പെടുവിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗവും വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മറ്റൊരു വിഭാഗവും പട്യാല കോടതിക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് പ്രതിഷേധിച്ചത്. വധശിക്ഷ നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടാണ് പ്രതികളുടെ ബന്ധുക്കൾ മറുവശത്ത് പ്രകടനം നടത്തിയത്.
സ്ഥിരം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞ സാഹചര്യത്തിൽ കേസിൽ പ്രതിയായ പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകനെയും കോടതി അനുവദിച്ചു. അഭിഭാഷകന് കേസ് പഠിക്കാനുള്ള സമയം വേണം എന്ന വാദവും മരണവാറണ്ട് പുറപ്പെടുവിക്കുന്നത് മാറ്റി വയ്ക്കുന്നതിന് ഇടയാക്കി. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഹർജിയി നാളെ രണ്ടു മണിക്കുള്ളിൽ മറുപടി നൽകാൻ സുപ്രിം കോടതി പ്രതികളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടു.