ജി.ഡി.പി വളർച്ച മെച്ചപ്പെടുമെന്നും വിലയിരുത്തൽ
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഭദ്രതയ്ക്ക് നൽകുന്ന റേറ്രിംഗ്, രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ സ്റ്രാൻഡേർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ബി.ബി.ബി മൈനസ്/സ്റ്റേബിൾ ആയി നിലനിറുത്തി. കേന്ദ്രസർക്കാരിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തിയാണ് റേറ്റിംഗ് നിശ്ചയിക്കുന്നത്. ഈ റേറ്റിംഗ് പരിശോധിച്ചാണ് നിക്ഷേപകലോകം ഇന്ത്യയിൽ പണമൊഴുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.
സാമ്പത്തികാവശ്യങ്ങൾ തടസങ്ങളില്ലാതെ നിറവേറ്റാനാവുന്ന ധനസ്ഥിതി സർക്കാരിനുണ്ട്. അതിനാൽ, ഭേദപ്പെട്ട റേറ്രിംഗ് ആണ് ഇപ്പോഴും ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ ഇപ്പോൾ നേരിടുന്ന സമ്പദ്ഞെരുക്കം ചാക്രികമാണെന്നും ഘടനാപരമല്ലെന്നും എസ് ആൻഡ് പി വ്യക്തമാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ ജി.ഡി.പി വളർച്ച മെച്ചപ്പെടും. വളർച്ചയ്ക്ക് അനുയോജ്യമായ നയങ്ങൾ രൂപീകരിക്കാൻ ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ശ്രദ്ധിക്കുന്നുണ്ട്.
ധനക്കമ്മി കഴിഞ്ഞവർഷങ്ങളിൽ സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്രിച്ച് ഉയർന്നു. ഏതാനും വർഷങ്ങൾ കൂടി ഈ സ്ഥിതി തുടർന്നേക്കാമെന്നും എസ് ആൻഡ് പി വ്യക്തമാക്കി.