vidhya-balan

മുംബയ്: കഴിഞ്ഞ വർഷം പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ബോളീവുഡ് ചിത്രമാണ് കബീർ സിംഗ്. വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം അർജ്ജുൻ റെഡ്ഡിയുടെ റീമേക്ക് ആണ് കബീർ സിങ്. എന്നാൽ ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീർ സിംഗിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്ന വിമർശനമാണ് ചിത്രത്തിനെതിരെ ഉയർന്നിരുന്നത്.

നടൻ വിജയ് ദേവരകൊണ്ടയുടെ സാന്നിധ്യത്തിൽ അർജ്ജുൻ റെഡ്ഡി എന്ന കഥാപാത്രത്തെ നടി പാർവതി തിരുവോത്തും വിമർശിച്ചിരുന്നു. മാതമല്ല കബീർ സിങിനെയും ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയെയും വിമർശിച്ചു കൊണ്ട് നടിമാരായ തപ്‌സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവരും രംഗത്തെത്തി. കബീർ സിംഗ്,​ അർജുൻ റെഡി എന്നീ സിനിമകൾതെറ്റായ കാര്യത്തെ മഹത്വവൽക്കരിക്കുന്നെന്നും ഇത്തരം സിനിമകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കില്ല എന്നുമായിരുന്നു പാർവതി പറഞ്ഞത്.

എന്നാൽ ചിത്രത്തെ വിവർശിക്കുന്നവർക്ക് മറുപടിയുമായി നടി വിദ്യാ ബാലൻ രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങൾക്ക് കബീർ സിംഗ് ഇഷ്ടമല്ലെങ്കിൽ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാൻ നിങ്ങളാരാണ്? വിദ്യ ചോദിച്ചു. മുംബയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് വിദ്യ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. 'അവർക്ക് അധപതനം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് അവര്‍ക്കറിയാമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുക എന്നത് ആൾക്കാരുടെ ഒരു ആവശ്യമായിരിക്കുന്നു. അഭിനേതാക്കൾ എന്ന നിലയിൽ എല്ലാ കാര്യങ്ങളിലുമുള്ള നിലപാട് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ചില സമയത്ത് എന്താണ് പൊതുവിൽ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് അഭിനേതാക്കൾക്ക് അറിയുക പോലുമില്ല. എന്തു കൊണ്ടാണ് അവർ ഈ ചോദ്യം കായിക താരങ്ങളോട് ചോദിക്കാത്തതെന്നും വിദ്യ ചോദിച്ചു.